Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിജെപി വിട്ട ദളിത് എംപിക്കും ടിക്കറ്റ്

ലഖ്‌നൗ- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പ്രിയ ദത്ത്, രാജ് ബബ്ബര്‍, മിലിന്ദ് ദേവ്‌റ, സുശീല്‍ കുമാര്‍ ഷിണ്ഡെ ഈയിടെ ബിജെപി വിട്ട ബഹ്‌റായിച് എംപി സാവിത്രി ഫുലെ എന്നിവരാണ് രണ്ടാം പട്ടികയിലെ പ്രമുഖര്‍. ഉത്തര്‍ പ്രദേശിലെ 16 മണ്ഡലങ്ങളിലേക്കും മഹാരാഷ്ട്രയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പേരാണ് രണ്ടാം പട്ടികയില്‍. ആദ്യ പട്ടികയില്‍ ഉത്തര്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിരുന്നത്.

പ്രമുഖ ദളിത് വനിതാ നേതാവ് സാവിത്രി ഫുലെ യുപിയിലെ ബഹ്‌റായിചില്‍ തന്നെ മത്സരിക്കും. ഇതു സംവരണ മണ്ഡലമാണ്. 2014 ഇവര്‍ ഇവിടെ നിന്ന് ബിജെപി ടിക്കറ്റിലാണ് ജയിച്ചത്. നിലവില്‍ രാജ്യസഭാ എംപിയും യുപി കോണ്‍ഗ്രസ് അധ്യക്ഷനുമായ രാജ് ബബ്ബര്‍ യുപിയിലെ മുറാദാബാദിലും മറ്റൊരു രാജ്യസഭാ എംപിയായ സഞ്ജയ് സിങ് സുല്‍ത്താന്‍പൂരിലും മുന്‍ മന്ത്രി ശ്രീപ്രകാസ് ജയ്‌സ്വാള്‍ കാണ്‍പൂരിലും മത്സരിക്കും. പ്രിയ ദത്ത് മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. മുന്‍ കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്‌റ മുംബൈ സൗത്തിലും സുശീല്‍ കുമാര്‍ ഷിന്‍ഡെ സോളാപൂരിലും മത്സരിക്കും. ബിജെപി വിട്ട് കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ നാഗ്പൂരില്‍ ബിജെപിയുടെ നിതിന്‍ ഗഡ്ക്കരിക്കെതിരെ മത്സരിക്കും.
 

Latest News