Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ സീറ്റു ധാരണയായി; കോണ്‍ഗ്രസിന് 20 ജെഡിഎസിന് എട്ട്

ബെംഗളുരു- നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കണാടകയിലെ കോണ്‍ഗ്രസ്-ജനതാ ദള്‍ സെക്കുലര്‍ (ജെ.ഡി.എസ്) സീറ്റു വീതംവയ്പ്പ് ധാരണയായി. കോണ്‍ഗ്രസ് 20 മണ്ഡലങ്ങളിലും ജെഡിഎസ് എട്ടു മണ്ഡലങ്ങളിലും മത്സരിക്കും. ധാരണ പ്രകാരം പ്രധാന മണ്ഡലങ്ങള്‍ ജെഡിഎസിനു ലഭിച്ചു. ഷിമോഗ, തുംകൂരു, ഹാസന്‍, മാണ്ഡ്ര്യ, ബെംഗളുരു നോര്‍ത്ത്, ഉത്തര കന്നഡ, ചിക്കമംഗളുരു, വിജയപുര എന്നിവിടങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുക. മൈസുരു, കൊഡഗു സീറ്റുകള്‍ക്കു വേണ്ടി ഇരുപാര്‍ട്ടികളും ശക്തമായി വകാശവാദമുന്നയിച്ചിരുന്നെങ്കിലും ഇവ കോണ്‍ഗ്രസിനു ലഭിച്ചു. ദല്‍ഹിയിലും മറ്റുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും സീറ്റു വീതംവയ്ക്കല്‍ ധാരണയിലെത്തിയിട്ടില്ലെന്നും ഇതു വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും ജെഡിഎസ് നേതാവ് മുന്‍ പ്രധാനമനന്ത്രി ദേവ ഗൗഡ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, മണിക്കൂറുകള്‍ക്കു ശേഷമാണ് സീറ്റു ധാരണ സംബന്ധിച്ച് അന്തിമ തീരുമാനമായത്.

അതിനിടെ ജെഡിഎസിനു ലഭിച്ച ഹാസന്‍, മാണ്ഡ്യ സീറ്റുകളില്‍ ദേവ ഗൗഡയുടെ പേരക്കുട്ടികളായ പ്രജ്വല്‍, നിഖില്‍ എന്നിവരെ മത്സരിപ്പിക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്. നടനായ നിഖില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനാണ്. പ്രജ്വല്‍ ദേവ ഗൗഡയുടെ മറ്റൊരു മകനും മന്ത്രിയുമായ എച് സെ് രേവണ്ണയുടേയും മകനാണ്.

കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ 2014-ല്‍ ബിജെപി 17 ഇടത്ത് ജയിച്ചിരുന്നു. കോണ്‍ഗ്രസിനു ഒമ്പതും ജെഡിഎസിനു രണ്ടും സീറ്റാണ് ലഭിച്ചത്. ഇത്തവണ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനാണ് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇരു പാര്‍ട്ടികള്‍ക്കും സംയുക്തമായ 52 ശതമാനത്തോളം വോട്ട് വിഹിതം ഉണ്ട്. ബിജെപിയുടേത് 43 ശതമാനമാണ്. 

Latest News