ബംഗളൂരു- വിവര സാങ്കേതികവിദ്യാ രംഗത്തെ അതികായനും വിപ്രോ ചെയര്‍മാനുമായ അസിം പ്രേംജി കമ്പനിയുടെ 34 ശതമാനം ഷെയറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവെച്ചു. 52,750 കോടി രൂപയാണ് ഇതിന്റെ മൂല്യം.
ഇത്രയും വന്‍തുക സന്നദ്ധ പ്രവര്‍ത്തനത്തിനായി നീക്കിവെക്കുന്നത് അസാധാരണമാണ്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ ജീവകാരുണ്യ രംഗത്തിനായി പണം വകയിരുത്താറുണ്ടെങ്കിലും കമ്പനിയുടെ മൂന്നിലൊന്ന് ഓഹരി തന്നെ നീക്കിവെക്കുന്നത് ആദ്യമാണ്.
ബംഗളൂരു കേന്ദ്രമായ അസിം പ്രേംജി ഫൗണ്ടേഷന്‍ വഴിയാണ് ഈ തുക ചെലവഴിക്കുക. കമ്പനിയുടെ എല്ലാ സേവന പ്രവര്‍ത്തനങ്ങളും ഈ ഫൗണ്ടേഷന്‍ വഴിയാണ്. വിദ്യാഭ്യാസ രംഗത്താണ് ഫൗണ്ടേഷന്റെ മുഖ്യ പ്രവര്‍ത്തനം.
ഇതോടെ, ജീവകാരുണ്യ രംഗത്തിനായി അസിം പ്രേംജി നീക്കിവെച്ച തുക 145,000 കോടിയായി. വിപ്രോ ലിമിറ്റഡിന്റെ 67 ശതമാനം തുക വരുമിത്.