ന്യൂദല്‍ഹി- ദുരന്ത പേടകമായി കുപ്രസിദ്ധി നേടിയ ബോയിങ് 737 മാക്‌സ് 8 വിമാനത്തിന് പറക്കല്‍ വിലക്കേര്‍പ്പെടുത്തിയതോടെ ബുധനാഴ്ച 20 വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു. പലയിടത്തായി കുടുങ്ങിയത് 300 യാത്രക്കാര്‍. ബുധനാഴ്ച വൈകീട്ടു മുതലാണ് വിലക്ക് നിലവില്‍ വന്നത്. നാളെ മുതല്‍ ഇതു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. ഈ ശ്രണിയിലുള്ള വിമാനങ്ങള്‍ ഉപയോഗിക്കുന്ന സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ് എന്നിവയാണ് സര്‍വീസുകള്‍ പിന്‍വലിച്ചത്. വ്യാഴാഴ്ച സ്‌പൈസ് ജെറ്റ് 35ഓളം സര്‍വീസുകള്‍ കൂടി റദ്ദാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പി എസ് ഖരോല അറിയിച്ചു. സര്‍വീസ് റദ്ദാക്കല്‍ ബാധിക്കുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും അധിക ചാര്‍ജ് ഈടാക്കാതെ ബദല്‍ യാത്രാ സൗകര്യങ്ങളൊരുക്കണമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ് എന്നിവര്‍ മാത്രമാണ് ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ വിമാന കമ്പനികള്‍.
വിമാനങ്ങളുടെ കുറവു മൂലമുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ വിവിധ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്ന് സ്‌പൈസ് ജെറ്റ് ഉറപ്പു നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി. യാത്ര മുടങ്ങുന്ന യാത്രക്കാര്‍ക്ക് ഇടം നല്‍കാന്‍ മറ്റു കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി.