ന്യുദല്‍ഹി- കഴിഞ്ഞയാഴ്ച ഹാക്ക് ചെയ്യപ്പെട്ട ബിജെപി വെബ്‌സൈറ്റ് ഇനിയും പുനസ്ഥാപിച്ചില്ല. മാര്‍ച്ച് അഞ്ചിനാണ് ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിക്കുന്ന സന്ദേശം അജ്ഞാത ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചത്. ഇതു പിന്നീട് നീക്കം ചെയ്‌തെങ്കിലും ദിവസങ്ങളായി പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറന്നാല്‍ 'അണ്ടര്‍ മെയ്ന്റനന്‍സ്' എന്ന സന്ദേശമാണ് കാണുന്നത്. മാസങ്ങളായി വെബ്‌സൈറ്റ് ഉടച്ചു വാര്‍ക്കാനുള്ള ആലോചനയിലായിരുന്നെന്നും ഇതിനിടെയാണ് ഹാക്കിങ് ഉണ്ടായതെന്നും ബന്ധപ്പെട്ട പാര്‍ട്ടി നേതാക്കള്‍ പറയുന്നു. രണ്ടു ദിവസത്തിനകം ഇതു ശരിയാകുമെന്നും അവര്‍ പറയുന്നു. എന്നാല്‍ മതിയായ ബാക്ക് അപ്പ് ഇല്ലാത്തതാകാം സൈറ്റ് പുനസ്ഥാപിക്കുന്നതിനു തടസമായതെന്ന് സൈബര്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതു പാര്‍ട്ടി തള്ളി. ഹാക്കിങ് നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സൈറ്റ് പുനസ്ഥാപിക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ വെബ്‌സൈറ്റ് പൂര്‍ണമായും ഉടച്ചു വാര്‍ത്ത് പുതിയ സൈറ്റ് അവതരിപ്പിക്കാനായി ഇതു നീട്ടുകയുമായിരുന്നെന്നാണ് പാര്‍ട്ടി പറയുന്നത്. വെബസൈറ്റിന്റെ സാങ്കേതിക വിദ്യ കഴിഞ്ഞ വര്‍ഷമായി പരിഷ്‌ക്കരിച്ചിട്ടുണ്ടായിരുന്നില്ലെന്നും സൈറ്റ് അടിമുടി മാറ്റാന്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്തുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.