Sorry, you need to enable JavaScript to visit this website.

പൊള്ളാച്ചി സംഘം 50ലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ചത് ഫേസ്ബുക്ക് കെണിയില്‍ വീഴ്ത്തി; തമിഴ്‌നാട്ടില്‍ വ്യാപക പ്രക്ഷോഭം

കോയമ്പത്തൂര്‍- തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഒരു സംഘം യുവാക്കള്‍ നിരവധി പെണ്‍കുട്ടികളേയും യുവതികളേയും വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതുവരെ എട്ടു പേര്‍ അറസ്റ്റിലായി. കഴിഞ്ഞ മാസം പീഡനത്തിനിരയായ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഞെട്ടിപ്പിക്കുന്ന പീഡന കഥ പുറത്തു കൊണ്ടു വന്നത്. ഈ സംഘത്തിന്റെ ചൂഷണിത്തിനിരയാവര്‍ ഇതുവരെ പരാതിയുമായി പോലീസിനെ സമീപിക്കാത്തതാണ് പ്രതികള്‍ക്ക് കൂടുതല്‍ പേരെ കെണിയിലാക്കാന്‍ വഴിയൊരുക്കിയത്. സംഭവം തമിഴ്‌നാട്ടില്‍ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സംഭവം ആയുധമായി. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ നേതാവ് പ്രതികളെ രക്ഷിക്കാന്‍ നീക്കം നടത്തിയെന്നാരോപിച്ച് ഡിഎംകെ വലിയ പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനു പുറമെ തമിഴ്‌നാട്ടിലാകെ ഈ കൂട്ട പീഡനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. 

നാലു യുവാക്കള്‍ കാറിനുള്ളില്‍ വച്ച് വിവസ്ത്രയാക്കി പീഡിപ്പിക്കുകയും രംഗം കാമറയില്‍ പകര്‍ത്തിയെന്നും ആരോപിച്ച് 19-കാരി വിദ്യാര്‍ത്ഥിനി ഫെബ്രുവരി 24-ന് പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ഈ സംഘത്തിന്റെ കള്ളിപൊളിഞ്ഞത്. ഈ പരാതിയെ തുടര്‍ന്ന് തിരുനാവുക്കരശ്, സതീഷ്, ശബരിരാജ്, വസന്തകുമാര്‍ എന്നീ  നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മറ്റു നാലു പേര്‍ കൂടി അറസ്റ്റിലായി. 

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരനെ അണ്ണാ ഡിഎംകെ പ്രാദേശിക നേതാവ് മര്‍ദിച്ചതോടെയാണ് സംഭവ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തത്. ഇയാളെ പാര്‍ട്ടി പുറത്താക്കിയെങ്കിലും പ്രതിപക്ഷമായ ഡിഎംകെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്.

പെണ്‍കുട്ടികളെ കെണിയിലാക്കിയത് ഫേസ്ബുക്കിലൂടെ

രണ്ടു വര്‍ഷത്തിനിടെ ഈ സംഘം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായ ലൈംഗി ചൂഷണത്തിനിരയാക്കിയത് 50ലേറെ യുവതികളേയാണെന്ന് പോലീസ് പറയുന്നു. ഇവരില്‍ ഭൂരിപക്ഷം പേരും പരാതി നല്‍കാന്‍ തയാറായിട്ടില്ല. സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥിനികള്‍, അധ്യാപികമാര്‍, വീട്ടമ്മമാര്‍, യുവതികള്‍ എന്നിവരെയാണ് പ്രധാനമായും യുവാക്കള്‍ വലയിലാക്കിയത്. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് പിന്നീട് നേരിട്ട് കാണാന്‍ നിര്‍ബന്ധിച്ച് വിളിച്ചിവരുത്തുകയാണ് ഇവരുടെ രീതി. പിന്നീട് കാറിലും ഹോട്ടലുകളിലും ഫാംഹൗസുകളിലും വച്ച് പീഡിപ്പിച്ചു വരികയായിരുന്നു. വഴങ്ങാന്‍ തയാറാകത്തവരെ നഗ്നത വിഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.


 

Latest News