Sorry, you need to enable JavaScript to visit this website.

കൈപ്പത്തി കാണിക്കരുത്,  വെട്ടിലായത് കൈനോട്ടക്കാര്‍ 

ബംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ കര്‍ണാടകയില്‍ കഷ്ടത്തിലായത് ജ്യോതിഷികളാണ്. ജ്യോതിഷികളുടെ ട്രേഡ് മാര്‍ക്കായ കൈപ്പത്തിയുടെ ഫോട്ടോ ഇനിമുതല്‍ പൊതുനിരത്തുകളില്‍ വെക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തി എന്നുള്ളതിനാലാണ് ഈ നടപടി. ഇതിനെ തുടര്‍ന്ന് കൈനോട്ടക്കാരുടെയും വീടുകളില്‍ കയറി ഇറങ്ങി കൈപ്പത്തി ചിഹ്നം മറക്കുകയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നടപടി തങ്ങളുടെ തൊഴിലിനെ വലിയ രീതിയില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് കൈനോട്ടക്കാര്‍. തങ്ങളുടെ ജോലിയുടെ പ്രതീകമായി മാറിയ ഈ കൈപ്പത്തി ചിത്രങ്ങള്‍ കണ്ടില്ലെങ്കില്‍ ജനങ്ങള്‍ തങ്ങളെ തേടി വരില്ലെന്നാണ് ഇവര്‍ പറയുന്നത്. കൈപ്പത്തി ചിഹ്നങ്ങള്‍ തങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ ചിഹ്നമാണ് എന്നുള്ള കാരണത്താല്‍ ഇത് ഉപയോഗിക്കരുത് എന്ന് പറയാന്‍ കമ്മീഷന് എന്താണ് അവകാശം. തടാകങ്ങളില്‍ നിന്നും മറ്റും താമരകള്‍ നീക്കം ചെയ്യാനും കമ്മീഷന്‍ തയ്യാറാകുമോയെന്നും കൈനോട്ടക്കാര്‍ ചോദിക്കുന്നു.
കോണ്‍ഗ്രസ് ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. പെരുമാറ്റച്ചട്ടത്തെ തങ്ങള്‍ മാനിക്കുന്നുണ്ടെന്നും അതിനായി കമ്മീഷന്‍ യുക്തിസഹമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കൈപ്പത്തി മറയ്ക്കാന്‍ പരിശ്രമിക്കുന്ന കമ്മീഷന്‍ മറ്റ് പാര്‍ട്ടികളുടെ ചിഹ്നങ്ങളായ താമര, ടോര്‍ച്ച്, സൈക്കിള്‍, ഫാന്‍, ആന, രണ്ടില ഇവയൊന്നും കാണുന്നില്ലെ എന്നാണ് ചിലരുടെ ചോദ്യം. ഡി.എം.കെയുടെ ചിഹ്നം ഉദയസൂര്യനാണെന്നും നാളെ മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂര്യോദയം നിരോധിക്കുമോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. 

Latest News