Sorry, you need to enable JavaScript to visit this website.

ദുരന്ത പേടകം ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലും വിലക്ക്

ന്യുദല്‍ഹി- അഞ്ചു മാസത്തിനിടെ രണ്ടു വിമാന ദുരന്തങ്ങള്‍ക്കിടയാക്കിയ, അമേരിക്കന്‍ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിങിന്റെ 737 മാക്‌സ് 8 വിമാനം ഉപയോഗിച്ചുള്ള സര്‍വീസുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ഈയിടെ എത്യോപ്യയിലും ഇന്തൊനേഷ്യയിലും ഈ ഇനത്തില്‍പ്പെട്ട ബോയിങ് വിമാനം തകര്‍ന്നു വീണ് മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സുരക്ഷാ ആശങ്കയെ തുടര്‍ന്നാണ് നടപടി. സുരക്ഷാ സംവിധാനങ്ങളില്‍ ആവശ്യമായ പരിഷ്‌ക്കരണം നടത്തുന്നതുവരെ ഈ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതിയില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വ്യക്തമാക്കി. എല്ലായ്‌പ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്തിയ പരിഗണന. ഇതുറപ്പു വരുത്താന്‍ ലോകത്തെ വിവിധ വ്യോമയാന ഏജന്‍സികളുമായും വിമാന കമ്പനികളുമായും വിമാന നിര്‍മാണ കമ്പനികളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

ഇന്ത്യന്‍ വിമാന കമ്പനികളില്‍ സ്‌പൈസ് ജെറ്റ് പതിമൂന്നും ജെറ്റ് എയര്‍വേയ്‌സ് അഞ്ചും 737 മാക്‌സ് 8 വിമാനങ്ങള്‍ സര്‍വീസ് നടത്തി വരുന്നുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ വിലക്കിനെ തുടര്‍ന്ന് ഇരു കമ്പനികളും ഈ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. 

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങി എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഈ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. തുര്‍ക്കി, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപൂര്‍, മലേഷ്യ, ഒമാന്‍ എന്നീ രാജ്യങ്ങളും ബോയിങ് 737 മാക്‌സ് 8 വിമാനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബോയിങിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള വിമാനമാണിത്.

നാലു ദിവസം മുമ്പ് എത്യോപ്യയില്‍ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്നു വീണ് യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 157 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍ ഇന്തൊനേഷ്യയിലും ഇതേ വിമാനം തകര്‍ന്നു വീണ് 189 പേര്‍ മരിച്ചിരുന്നു.
 

Latest News