കോഴിക്കോട്- നേർച്ച കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി ഇമാമിനെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെയാണ് പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ എത്തിച്ചത്.
കോഴിക്കോട് ഗാന്ധി റോഡിലെ പള്ളിയിലെ ഇമാം നിലമ്പൂർ രാമൻകുത്ത് ചോനാരി അബ്ദുൽ ബഷീറാണ് (47) അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാൾ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള പെൺകുട്ടിയെയാണ് മടവൂർ സി.എം മഖാമിൽ നേർച്ച ഉണ്ടെന്ന് പറഞ്ഞ് ലോഡ്ജിൽ എത്തിച്ചത്.
കുട്ടിയെയും കൊണ്ട് ലോഡ്ജിൽ മുറിയെടുത്ത ഇയാളെയും മുഖം മൂടിയ കുട്ടിയെയും കണ്ട നാട്ടുകാർ സംശയത്തെ തുടർന്ന് കുന്ദമംഗലം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയപ്പോൾ കുട്ടിയെയും ഇമാമിനെയും ഒരു മുറിയിൽ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി പോലീസിന് മൊഴി നൽകി. കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ രാജീവ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.