Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാട്‌സ് ആപ് കോള്‍ വന്നു, പോയി

റിയാദ്- സൗദി അറേബ്യയില്‍  രാവിലെ മുതല്‍ ലഭ്യമായിരുന്ന വാട്‌സാപ്പ് വോയ്‌സ്, വീഡിയോ കോള്‍ സേവനം വൈകുന്നേരത്തോടെ നിലച്ചു. രാവിലെ മുതല്‍ വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ പലര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ കോളുകള്‍ കണക്ട് ആകാതെയായി.
സൗദി നിയമങ്ങളുമായി ഒത്തുപോകാത്തതിനാല്‍ വാട്‌സാപ് കോളുകള്‍ക്ക് നിരോധം ഉണ്ടായിരുന്നു. മാത്രമല്ല സൗദിയിലെ ടെലികോം കമ്പനികള്‍ ഇത് പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. വാട്‌സാപ് നിരോധം നീക്കിയതായി ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍, സേവനം പുനരാരംഭിച്ചത് ഔദ്യോഗികമായാണോ എന്ന് വ്യക്തമല്ല. നേരത്തെയും ചില സമയങ്ങളില്‍ വാട്‌സാപ് കോളുകള്‍ പലര്‍ക്കും ലഭിക്കുമായിരുന്നു.
വാട്‌സ് ആപ് വോയ്‌സ്, വീഡിയോ കോള്‍ സേവനം സൗദിയില്‍ പ്രാബല്യത്തില്‍ വന്നതായി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമോ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ രാജ്യത്തെങ്ങും ഉപയോക്താക്കള്‍  രാവിലെ മുതല്‍ വാട്‌സാപ്പില്‍ വോയ്‌സ്, വീഡിയോ കോള്‍ സേവനം പ്രയോജനപ്പെടുത്തി. വൈകിട്ടോടെ സേവനം നിലച്ചു.

നിയമവ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ച കോള്‍ ആപ്പുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുന്നതിന് 2017 സെപ്റ്റംബര്‍ 13 ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഫെയ്‌സ് ടൈം, സ്‌നാപ് ചാറ്റ്, സ്‌കൈപ്പ്, ലൈന്‍, ടെലിഗ്രാം, ടാന്‍ഗോ, ഫെയ്‌സ് ബുക് മെസ്സഞ്ചര്‍, ഹാംഗൗട്ട് അടക്കം വോയ്‌സ്, വീഡിയോ കോള്‍ സേവനങ്ങള്‍ നല്‍കുന്ന ആപ്പുകള്‍ക്കുള്ള വിലക്ക് അന്ന് ടെലികോം കമ്പനികള്‍ നീക്കി.

സൗദിയില്‍ വാട്‌സ് ആപ്പ് വഴിയുള്ള വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യേണ്ടത് വാട്‌സ് ആപ്പ് ഉടമകളായ കമ്പനിയാണെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട രാജ്യങ്ങളിലെ നിയമങ്ങളുമായി ഒത്തുപോകാത്തതിനാല്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം നിരവധി ലോക രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.

 

 

Latest News