കേരള കോൺഗ്രസിലെ സ്ഥാനാർഥി നിർണയം സൃഷ്ടിച്ച അലയൊലിയിലും ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ് കോട്ടയത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എന്നും യു.ഡി.എഫിന് പ്രതീക്ഷ പകർന്നിട്ടുള്ള കോട്ടയത്ത് സി.പി.എമ്മിന്റെ ജനകീയ മുഖമായ വി.എൻ. വാസവനും ഔദ്യോഗികമായി പ്രഖ്യാപനം വന്നില്ലെങ്കിലും എൻ.ഡി.എയിലെ കേരള കോൺഗ്രസ് നേതാവ് പി.സി. തോമസും സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ യു.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴികാടനും.
2014 ലെ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോസ് കെ മാണി 1.25 ലക്ഷത്തിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കോട്ടയത്ത് വിജയിച്ചത്. അതേമണ്ഡലത്തിൽ പാർട്ടിയുടെ പുതിയ സ്ഥാനാർഥിയ്ക്കായി നടന്ന സംഭവവികാസങ്ങൾക്ക് സമാനതകളില്ല. തോമസ് ചാഴികാടനെതിരെ കോൺഗ്രസിൽനിന്ന് അസംതൃപ്തി പുകയുമ്പോഴും കേരള കോൺഗ്രസിന് കുലുക്കമില്ല. ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന കടുത്ത നിലപാടിലാണവർ. മണ്ഡലം നിലനിർത്തുക ഇപ്പോഴത്തെ സാഹചര്യത്തിൽ ചാഴികാടന് കടുത്ത വെല്ലുവിളിയാണ്. പക്ഷേ എല്ലാം ആറിതണുക്കുന്നതോടെ യു.ഡി.എഫ് യന്ത്രം സുഗമമായി ചലിക്കുമെന്ന വിശ്വാസത്തിലാണ് കേരള കോൺഗ്രസ്.
പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ വി.എൻ. വാസവനെ തന്നെ രംഗത്തിറക്കി സി.പി.എം നൽകുന്ന സന്ദേശം വ്യക്തമാണ്, വിജയം മാത്രം. കോട്ടയം നിയമസഭാ മണ്ഡലത്തിൽ ഓരോ തവണ വിജയവും പരാജയവും നേരിട്ട വാസവൻ കഴിഞ്ഞ നാലു വർഷമായി സി.പി.എം ജില്ലാ സെക്രട്ടറിയാണ്. ഇടതു ഭരണത്തിൽ മന്ത്രിയില്ലാത്ത ജില്ലയായ കോട്ടയത്ത് വാസവന് ഏറെ തിളങ്ങാൻ ഇത് അവസരം നൽകി.
എൻ.ഡി.എ സ്ഥാനാർത്ഥി മുൻ കേന്ദ്ര മന്ത്രിയും പല തവണ പാർലമെന്റംഗവുമായ കേരളാ കോൺഗ്രസിലെ പി.സി. തോമസ് ശക്തമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പിന്റെ എല്ലാ വഴികളും കെ.എം. മാണിയുടെ മുൻ അരുമശിഷ്യന് ഹൃദിസ്ഥം. കേരള കോൺഗ്രസ് സ്ഥാപക നേതാവ് പി.ടി. ചാക്കോയുടെ മകൻ എന്ന പ്രത്യേകത അരമനകളിലും പി.സിയുടെ ബന്ധം ദൃഢമാക്കുന്നു.
വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ അവകാശവാദം സൃഷ്ടിച്ച അനിശ്ചിതത്വം തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനുശേഷവും തുടരുകയാണ്. കേരളാ കോൺഗ്രസിനോട് അത്ര പ്രതിപത്തിയില്ലാത്ത കോൺഗ്രസ് അണികളെ കൂടെ നിർത്തുകയെന്ന ദൗത്യവും ചാഴികാടന് മുന്നിലുണ്ട്.
പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞ എൽ.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന, ഉന്നയിക്കുന്ന പ്രധാന ആരോപണം ജോസ് കെ. മാണി ലോക്‌സഭാംഗത്വം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് ചേക്കേറിയതാണ്. ഈ ആരോപണമായിരിക്കും എൻ.ഡി.എയും ഉയർത്തുക.
1952 മുതൽ 2014 വരെ നടന്ന പതിനാറ് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പതിനൊന്നിലും കോൺഗ്രസ്, കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച കോട്ടയം അഞ്ച് തവണ സി.പി.എം സ്ഥാനാർത്ഥികളെയും വിജയിപ്പിച്ചു. 1967ൽ കെ.എം. എബ്രഹാമിലൂടെയും 1984ലും 1998, 1999, 2004 വർഷങ്ങളിൽ കെ. സുരേഷ് കുറുപ്പിലൂടെയും സി.പി.എം മണ്ഡലം പിടിച്ചെടുത്തെങ്കിലും പ്രദേശത്തിന്റെ അടിസ്ഥാന രാഷ്ട്രീയ സ്വഭാവത്തിന്റെ പിൻബലത്തിൽ കോൺഗ്രസ്, കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ കോട്ടയം തിരിച്ചുപിടിച്ചു. ഏറ്റവുമൊടുവിൽ 2014ലെ തെരഞ്ഞെടുപ്പിൽ കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ, കടുത്തുരുത്തി, പാലാ, വൈക്കം, പിറവം എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളിലും മേൽകൈ നേടി 1,20,599 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജോസ് കെ. മാണി വിജയം ആവർത്തിച്ചു. 50.96 ശതമാനം വോട്ടു നേടിയ ജോസ് കെ. മാണിക്ക് 4,23,994 വോട്ടുകൾ കിട്ടിയപ്പോൾ 36.47 ശതമാനം വോട്ട് സമാഹരിച്ച മാത്യു ടി. തോമസിന് ലഭിച്ചത് 3,03,395 വോട്ടുകൾ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, പിറവം മണ്ഡലങ്ങൾ യു.ഡി.എഫ് നിലനിർത്തിയപ്പോൾ വൈക്കവും ഏറ്റുമാനൂരും എൽ.ഡി.എഫും നിലനിർത്തി.
14,92,711 വോട്ടർമാരാണ് ഇക്കുറി കോട്ടയത്ത് വിധി നിശ്ചയിക്കുക. 7,32,435 പുരുഷന്മാരും 7,60,269 സ്ത്രീകളും. രാഷ്ട്രീയമായി മൂന്നു മുന്നണികൾക്കും നിർണായകമാണ് ഈ പോരാട്ടം. സിപിഎമ്മിന്റെ സംഘടനാ സംവിധാനവും, രാഷ്ട്രീയത്തിനതീതമായ വി.എൻ. വാസവന്റെ ജനകീയതയും എൽ.ഡി.എഫിന് നേട്ടമാകുമ്പോൾ പി.സി. തോമസിന്റെ വ്യക്തി സ്വാധീനവും ശബരിമല അടക്കമുള്ള വിഷയങ്ങളുമാണ് എൻ.ഡി.എയുടെ കരുത്ത്. തോമസ് ചാഴികാടനാകട്ടെ രണ്ടു പതിറ്റാണ്ട് ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനീധികരിച്ച ജനപ്രതിനിധി. കടുത്തുരുത്തി, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ ശക്തമായ സാന്നിധ്യമായ ക്‌നാനായ സമുദായംഗം.