പ്രചാരണ ഉദ്ഘാടന ദിനം തന്റെ കലാലയ ഓർമകൾ ഉറങ്ങുന്ന ഗുരുവായൂരപ്പൻ കോളേജിന്റെ പടിചവിട്ടിക്കൊണ്ട് പ്രദീപ്കുമാർ തുടക്കം കുറിച്ചു. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർഥിയുടെ പര്യടനത്തിനപ്പുറം അത് മധുരിക്കുന്ന ഓർമകളുടെ അയവിറക്കലുമായി.
ചുട്ടുപൊള്ളുന്ന വെയിലിലും തണലേകുന്ന ക്യാമ്പസിലെ ബോധിവൃക്ഷവും ബുദ്ധപ്രതിമയും നോക്കി അൽപ്പനേരം നിന്ന പ്രദീപ്, പിന്നെ എൺപതുകളിൽ ഈ കുന്നുകയറിവന്ന പ്രീഡിഗ്രി വിദ്യാർഥിയായി. പ്രിൻസിപ്പൽ രാമചന്ദ്രൻ പ്രദീപ് കുമാറിനെ ഹസ്തദാനം ചെയ്ത് കെട്ടിപ്പുണർന്നു.
പ്രദീപ് പഠിക്കുമ്പോൾ ഉണ്ടായിരുന്ന രണ്ടു പേരേ ഇപ്പോൾ കോളേജിൽ ജീവനക്കാരായുള്ളൂ. പ്രിൻസിപ്പൽ രാമചന്ദ്രനും സീനിയർ സൂപ്രണ്ട് രവീന്ദ്രനും. ഈ രണ്ടു പേരും ഈ വർഷം വിരമിക്കും. സ്റ്റാഫ് റൂമിലെത്തി എല്ലാവരുമായും പ്രദീപ് കുമാർ കുശലം പറഞ്ഞു. കോളേജ് ഡേ ആയതിനാൽ വിദ്യാർഥികളെല്ലാം അവിടെയായിരുന്നു. പൂർവ്വവിദ്യാർഥിയായ പ്രദീപ് കുമാർ വിദ്യാർഥികളുമായി സംസാരിക്കാൻ സ്റ്റേജിലേക്ക് നടന്നു.
ചില ഓർമ്മകൾ നമ്മളെ വല്ലാതെ കീഴ്‌പ്പെടുത്തിക്കളയും. പ്രിൻസിപ്പലിന്റെ റൂമിലേക്കുള്ള പടികൾ കയറുമ്പോൾ എനിക്ക് ഓർമവന്നത് പ്രീഡിഗ്രി വിദ്യാർഥിയായി വന്ന് ഞാൻ ആദ്യം വിളിച്ച മുദ്രാവാക്യമാണ്. അന്ന് ഈ കുന്നിൻമുകളിലേക്ക് ബസ് സർവീസ് നന്നേ കുറവാണ്. വൈക്കിംഗ്, ജ്യോതി തുടങ്ങി രണ്ടു മൂന്നു ബസേ ഇവിടേക്ക് സർവീസ് നടത്തിയിരുന്നുള്ളൂ.
ബസ് ഇല്ലാത്ത പ്രശ്‌നം ഉന്നയിച്ചുള്ള സമരമായിരുന്നു അന്ന് വിദ്യാർഥി സംഘടനകൾ പ്രധാനമായി ഏറ്റെടുത്തിരുന്നത്. ബസ് സമരവുമായി ബന്ധപ്പെട്ട് അക്കാലത്ത് കുറെപേരെ കേസിൽ കുടുക്കി. 'വൈക്കിംഗ് എന്നൊരു കിംഗുണ്ട്, കള്ളക്കേസ് കൊടുത്തിട്ടുണ്ട്, നിരപരാധികളെ കേസിൽ നിന്നും ഒഴിവാക്കാനായി മുൻകൈയ്യെടുക്കൂ പ്രിൻസിപ്പാളേ' എന്ന മുദ്രാവാക്യമായിരുന്നു അന്ന് സമരത്തിൽ.
മഞ്ഞപ്പൂക്കളും മയിൽപ്പീലിതുണ്ടുകളും ഉതിർക്കുന്ന മരങ്ങളുള്ള ഈ ക്യാംപസ് എനിക്ക് മറക്കാനാവില്ല. ഓർമകളിൽ പലതും മാഞ്ഞുപോയിട്ടുണ്ടാകാം. പക്ഷെ ക്യാംപസ് ഓർമകൾ ക്ലാവു വീഴാതെ എന്നും മനോഹരമാണ്. വർണശബളമായ, ഒരിക്കലും ഒളിമങ്ങാത്ത ഓർമകൾ ഞങ്ങൾക്ക് സമ്മാനിച്ചത് ഈ ക്യാംപസാണ്. രാഷ്ട്രീയക്കാരനെന്ന നിലക്കും എം.എൽ.എ എന്ന നിലക്കും എന്തെങ്കിലുമൊക്കെ നല്ലതെന്നോ, ശ്രദ്ധേയമെന്നോ പുതുമയുള്ളതെന്നോ എന്നൊക്കെ തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ അത് ഈ ക്യാംപസ് തന്ന ഓർമകളിൽ നിന്നും അറിവിൽ നിന്നുമാണ്...
പ്രദീപ് കുമാർ പറഞ്ഞുനിർത്തിയപ്പോൾ നീണ്ട കരഘോഷം