അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലാണ്
അസ്താനക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്
ന്യൂദല്‍ഹി- നിര്‍ബന്ധിത അവധിയില്‍ പോയ സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ വെളിപ്പെടുത്തലുമായി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍. ദല്‍ഹി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മിഷേല്‍ രാകേഷ് അസ്താന തന്നെ ദുബായില്‍ വെച്ച് കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഹെലികോപ്റ്റര്‍ ഇടപാടില്‍ അന്വഷണം നടത്തുന്ന സി.ബി.ഐ പറയുന്നതുപോലെ കേട്ടില്ലെങ്കില്‍ ഇന്ത്യന്‍ ജയിലില്‍ നരക ജീവിതം നയിക്കേണ്ടി വരുമെന്ന് അസ്താന താക്കീത് നല്‍കിയെന്നാണ് ക്രിസ്ത്യന്‍ മിഷേല്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്.
കുറച്ച് നാള്‍ മുന്‍പ് രാകേഷ് അസ്താന ദുബായില്‍ വെച്ചു കണ്ടിരുന്നു. ഇന്ത്യയിലെ ജയിലില്‍ നരക ജീവിതം നയിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തീഹാര്‍ ജയിലില്‍ തന്റെ തൊട്ടടുത്ത അറയില്‍ കഴിയുന്നത് കുപ്രസിദ്ധ കുറ്റവാളി ചോട്ടാ രാജനാണ്. നിരവധി ആളുകളെ കൊന്നൊടുക്കിയ ഒരു കൊടും കുറ്റവാളിക്കൊപ്പം ജയിലില്‍ കിടക്കാന്‍ താന്‍ എന്തു തെറ്റാണ് ചെയ്തതെന്നു മനസിലാകുന്നില്ലെന്നും ക്രിസ്ത്യന്‍ മിഷേല്‍ കോടതിയില്‍ പറഞ്ഞു. മാത്രമല്ല പതിനേഴ് കശ്മീരി വിഘടന വാദികള്‍ക്കൊപ്പമാണ് തന്നെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും മിഷേല്‍ കോടതിയില്‍ പറഞ്ഞു.
നരേന്ദ്ര മോഡിയുടെയും ബി.ജെ.പിയുടെയും അടുപ്പക്കാരനായ രാകേഷ് അസ്താന സ്‌പെഷ്യല്‍ ഡയറക്ടറായി എത്തിയതോടെയാണ് സി.ബി.ഐക്കുള്ളില്‍ അധികാരത്തര്‍ക്കം രൂക്ഷമായതും ഡയറക്ടര്‍ അലോക് വര്‍മയുടെ കസേര തെറിച്ചതും. രാകേഷ് അസ്താനക്കെതിരെ കൈക്കൂലി കേസില്‍ അന്വേഷണം ആരംഭിച്ചതോടെയായിരുന്നു തര്‍ക്കം രൂക്ഷമായത്. ക്രിസ്ത്യന്‍ മിഷേലിനെ ദുബായില്‍ വെച്ചു കണ്ടിരുന്നുവെന്ന് പറയുന്ന സമയത്ത് രാകേഷ് അസ്താനക്കായിരുന്നു അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി ഇടപാടിന്റെ അന്വേഷണ ചുമതല. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ മോഡി സര്‍ക്കാര്‍ രാഷ്ട്രീയമായി ഇടപെടുന്നുവെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. അതിനിടെയാണ് മോഡിയുടെ അടുപ്പക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥന്‍ കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന മിഷേലിനെ ദുബായില്‍ ചെന്നു കണ്ട് ഭീഷണിപ്പെടുത്തി എന്ന വിവരം പുറത്തു വരുന്നത്.
പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയിലിനുള്ളില്‍ ക്രിസ്ത്യന്‍ മിഷേലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അനുമതി നല്‍കി. ഇന്നും നാളെയും എന്‍ഫോഴ്‌സ്‌മെന്റ് ക്രിസ്ത്യന്‍ മിഷേലിനെ ചോദ്യം ചെയ്യും. ഒരു ജയില്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ വേണം ചോദ്യം ചെയ്യാന്‍. ക്രിസ്ത്യന്‍ മിഷേലിന്റെ അഭിഭാഷകന്റെ ഇടപെടലിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. രാവിലെ അര മണിക്കൂറും വൈകുന്നേരം അരമണിക്കൂറും അഭിഭാഷകന് മിഷേലുമായി കൂടിക്കാഴ്ച നടത്താം.
ജയിലിനുള്ളില്‍ മാനസിക പീഡനം നേരിടുന്നുവെന്ന മിഷേലിന്റെ പരാതി പരിഗണിച്ച കോടതി ജയില്‍ അധികൃതരോട് ജയിലിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 നാണ് ക്രിസ്ത്യന്‍ മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷാ മേഖലയിലേക്ക് മിഷേലിനെ മാറ്റാതിരുന്നതിന് കോടതി മുമ്പ് ജയില്‍ അധികൃതരെ ശാസിച്ചിരുന്നു. ഉത്തരവാദിത്തത്തോടെ പ്രതികരിച്ചില്ലെങ്കില്‍ അന്വേഷണം നേരിടേണ്ടി വരുമെന്നും കോടതി ജയില്‍ അധികൃതര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു.