കോഴിക്കോട്- നേര്‍ച്ച കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പള്ളി ഇമാമിനെ കോടതി റിമാന്റ് ചെയ്തു. ഇന്നലെ രാവിലെയാണ് പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ എത്തിച്ചത്.
കോഴിക്കോട് ഗാന്ധി റോഡിലെ പള്ളിയിലെ ഇമാം നിലമ്പൂര്‍ രാമന്‍കുത്ത് ചോനാരി അബ്ദുള്‍ ബഷീറാണ് (47) അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ സമീപത്തുള്ള പെണ്‍കുട്ടിയെയാണ് മടവൂര്‍ സി.എം മഖാമില്‍ നേര്‍ച്ച ഉണ്ടെന്ന് പറഞ്ഞ് ലോഡ്ജില്‍ എത്തിച്ചത്.
കുട്ടിയെയും കൊണ്ട് ലോഡ്ജില്‍ മുറിയെടുത്ത ഇയാളേയും മുഖംമൂടിയ കുട്ടിയെയും കണ്ട നാട്ടുകാര്‍ സംശയത്തെ തുടര്‍ന്ന് കുന്ദമംഗലം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് കുട്ടിയെയും ഇമാമിനെയും ഒരു മുറിയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി പോലീസിന് മൊഴി നല്‍കി. കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ്കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.