Sorry, you need to enable JavaScript to visit this website.

ഉപാസനയുടെ ഉത്തുംഗങ്ങളിൽ ഉഹ്ദ്‌

ഉഹ്ദ് പർവതത്തിന്റെ ദൃശ്യം.

മദീനയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉഹ്ദ് പർവതത്തിന് ഇസ്‌ലാമിക ചരിത്രത്തിൽ ഒട്ടേറെ സവിശേഷതകളുണ്ട്. 70 ഓളം സ്വഹാബികൾ വീരചരമം പ്രാപിച്ച ഉഹ്ദ് പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിത വീഥിയിൽ ശോകമൂകമായ അധ്യായം എന്ന നിലക്കാണ് വായിക്കപ്പെടുന്നത്. 
മക്കയിൽ നിന്ന് മദീനയിലെത്തിയ പ്രവാചകന് ബദർ യുദ്ധത്തിന് ശേഷം ശത്രുക്കളുമായി തുടക്കത്തിൽ തന്നെ (ഹിജ്‌റ മൂന്നാം വർഷം ശവ്വാൽ മാസം) നേരിടേണ്ടിവന്ന പോരാട്ടമാണ് ഉഹ്ദിലേത്. ഈ പർവതത്തെ കുറിച്ച് പ്രവാചകൻ ഒരിക്കൽ പറഞ്ഞത് ഇപ്രകാരമാണ്. 'ഉഹ്ദ് നമ്മെ സ്‌നേഹിക്കുന്ന ഒരു പർവതമാണ്. നാം അതിനെയും. കൂടാതെ അത് സ്വർഗീയ കവാടങ്ങളിൽ പെട്ട ഒരു കവാടം കൂടിയാണ് (ബുഖാരി).
മദീനയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് ഉഹ്ദ്. പ്രവാചക ലബ്ധിക്ക് മുമ്പുള്ള കാലഘട്ടത്തിൽ അൻഖദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പർവതത്തിന് ഉഹ്ദ് എന്ന പേര് വിളിക്കപ്പെടാൻ ചരിത്രകാരന്മാർ പറയുന്ന കാരണങ്ങൾ പലതാണ്. മറ്റുള്ള പർവതങ്ങളിൽ നിന്ന് വേറിട്ട് ഒറ്റയായി നിലകൊള്ളന്നുവെന്നതാണ് ഇതിൽ പ്രധാനം. 
ഉഹ്ദ് എന്ന പേരിൽ ഈ മലയുടെ സമീപത്ത് ഭീമാകാരനായ ഒരു വ്യക്തി താമസിച്ചിരുന്നുവെന്നും കാലക്രമത്തിൽ ഇയാളുടെ പേരിൽ ഈ പർവതം അറിയപ്പെടുകയായിരുന്നുവെന്നുമാണ് മറ്റൊരു കഥ. യസ്‌രിബ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മദീനയിൽ ആദ്യമായി താമസിച്ചിരുന്ന നൂഹ് നബിയുടെ സന്താന പരമ്പരയിൽ പെട്ട ആളുകൾ ആകാര സൗഷ്ഠവത്തിൽ തുല്യതയില്ലാത്ത ജനവിഭാഗമായിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോൾ ഈ കഥ തള്ളിക്കളയുക പ്രയാസം. 
മസ്ജിദുന്നബവിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഉഹ്ദ് പർവതത്തിന് ഏഴ് കിലോ മീറ്ററിൽ അധികം നീളവും 3.2 കലോ മീറ്റർ വീതിയും 350 മീറ്റർ ഉയരവുമുണ്ട്. വിവിധ തരം ശിലകൾ കൊണ്ടുള്ള നിർമിതിയാണ് ഉഹ്ദ്. ചുവപ്പും ഇരുണ്ട പച്ചയും കറുത്തതുമായ കല്ലുകളാണ് ഈ മലയിൽ കാണുന്നത്. 
നബിയുടെ പിതൃവ്യൻ ഹംസ ബിൻ അബ്ദുൽ മുത്തലിബ്, മിസ്അബ് ബിൻ ഉമൈർ, അബ്ദുല്ല ബിൻ ജഹ്ശ്, ഹൻദല ബിൻ അബീ ആമിർ, അബ്ദുല്ല ബിൻ ജുബൈർ, അംറ് ബിൻ അൽ ജമൂഹ്, അബ്ദുല്ല ബിൻ ഹറാം എന്നിവരുൾപ്പെടെ 70 സ്വഹാബികളാണ് ഈ പർവതത്തിൽ അന്ത്യവിശ്രമം കൊള്ളുന്നത്. പല ഘട്ടങ്ങളിലും പ്രവാചകൻ ഉഹ്ദിലെ രക്തസാക്ഷികളുടെ ഖബറുകൾ സന്ദർശിച്ചിട്ടുണ്ട്. 
അബൂത്വൽഹ (റ) ഉദ്ധരിക്കുന്നു: 'ഒരിക്കൽ ഞങ്ങൾ പ്രവാചകരോടൊപ്പം ഉഹ്ദ് രക്തസാക്ഷികളുടെ ഖബറുകൾ സന്ദർശിക്കുന്നതിന് പുറപ്പെട്ടു. വഴിമധ്യേ ഏതാനും സ്വഹാബികളുടെ ഖബറുകൾ സ്ഥിതി ചെയ്യുന്ന ഹർറതുവാഖമിലെത്തിയപ്പോൾ പ്രവാചകരേ ഇത് നമ്മുടെ സഹോദരന്മാരുടെ ഖബറുകളല്ലേ? എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അല്ല ഇത് നമ്മുടെ അനുചരന്മാരുടെ ഖബറുകളാണെന്നാണ് അദ്ദേഹം പ്രതിവചിച്ചത്. എന്നാൽ ഞങ്ങൾ ഉഹ്ദ് രക്തസാക്ഷികളുടെ ഖബറുകളുടെ സമീപത്ത് എത്തിയപ്പോൾ പ്രവാചകൻ പറഞ്ഞു. ഇത് നമ്മുടെ സഹോദരന്മാരുടെ ഖബറുകളാണ് (അഹ്മദ്, അബൂദാവൂദ്). 
ഈ പർവതത്തിൽ ഗാർ ഉഹ്ദ് എന്ന പേരിൽ ഒരു ഗുഹയുണ്ട്. ഈ വലിയ പർവതത്തിനെ രണ്ട് ഭാഗമായി വേർതിരിക്കുന്ന ഒരു വിടവ് എന്ന രൂപത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഉൾഭാഗം ഇടുങ്ങിയതാണെങ്കിലും പ്രവേശിക്കുന്നതിന് വലിയ പ്രയാസം നേരിടുന്നില്ല. ഉഹ്ദ് പർവതത്തിൽ യുദ്ധാനന്തരം പ്രവാചകൻ ദുഹർ, അസർ നമസ്‌കാരം നിർവഹിക്കുകയും വിശ്രമിക്കുകയും ചെയ്തിരുന്ന സ്ഥലത്ത് ഒരു പള്ളി നിർമിച്ചിട്ടുണ്ട്. ഉഹ്ദ് സന്ദർശനത്തിന് വരുന്ന വിശ്വാസികൾ ഇവിടെ നമസ്‌കരിക്കുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്യുന്നു. 
ഈ പള്ളിക്ക് 100 മീറ്ററും വടക്കൻ ജബലു റുമാതിന് 1000 മീറ്ററും അകലത്തിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ശത്രുക്കളെ നിരീക്ഷിക്കുന്നതിന് പ്രവാചകൻ അസ്ത്ര വിദ്യയിൽ നിപുണരായ സ്വഹാബികളെ നിർത്തിയ സ്ഥലമാണ് ജബലു റുമാത്. ഉഹ്ദ് മലയിൽ സന്ദർശനത്തിന് എത്തുന്നവരിൽ ധാരാളം പേർ പ്രവാചകന്റെയും അനുചരന്മാരുടെയും പാദം പതിഞ്ഞ ഈ സ്ഥലത്ത് നിൽക്കുന്നതിന് ശ്രദ്ധിക്കുന്നതായും കാണാം.


 

Latest News