കുവൈത്ത് സിറ്റി - കുവൈത്തില്‍ കഴിയുന്ന വിദേശികളുടെ എണ്ണം അഞ്ചു വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറക്കണമെന്ന് ഏതാനും എം.പിമാര്‍ ആവശ്യപ്പെട്ടു. പൊതുസേവനങ്ങള്‍ വിദേശികള്‍ വലിയ തോതില്‍ ഉപയോഗിക്കുന്ന പ്രശ്നത്തിന് പകുതിയോളം പേരെ നാടുകടത്തി പരിഹാരം കാണണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ 33 ലക്ഷത്തോളം വിദേശികളാണുള്ളത്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ പകുതി വിദേശികളെ രാജ്യത്തു നിന്ന് പുറത്താക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കണമെന്ന് എം.പി ഖാലിദ് അല്‍സ്വാലിഹ് ആവശ്യപ്പെട്ടു. രാജ്യത്തെ സേവനങ്ങളും ജോലികളും കൈയടക്കിവെച്ച വിദേശികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഗൗരവത്തായ നടപടികള്‍ സ്വീകരിക്കണം. അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശികളുടെ എണ്ണം 50 ശതമാനമായി കുറക്കുന്നതിനുള്ള പദ്ധതി എത്രയും വേഗത്തില്‍ നടപ്പാക്കണം. വിദേശികളില്‍ ഭൂരിഭാഗവും തൊഴില്‍ വിപണിക്ക് ആവശ്യമില്ലാത്ത പ്രാന്തവല്കൃതരായ തൊഴിലാളികളാണെന്നും എം.പി ഖാലിദ് അല്‍സ്വാലിഹ് പറഞ്ഞു. മറ്റു ഗള്‍ഫ് രാജ്യങ്ങളെ പോലെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ശക്തമായ പദ്ധതികള്‍ കുവൈത്തും നടപ്പാക്കുന്നുണ്ട്.