ഹൈദരാബാദ്- റമദാനില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് പോളിംഗ് ശതമാനത്തെ ബാധിക്കില്ലെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹുദല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി. ഈ വാദം മുസ്ലിംകളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ചില പാര്‍ട്ടികള്‍ മുന്നോട്ടുവെച്ച ആശങ്കകള്‍ അദ്ദേഹം തള്ളി. പോളിംഗ് ശതമാനം ഉയരുമെന്നാണ് താന്‍ കരുതുന്നതെന്ന് ഉവൈസി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
ലോക്സഭാ വോട്ടെടുപ്പ് ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുസ്ലിംകള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പാക്കാനാണ് റമദാനില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും നേതാക്കള്‍ രംഗത്തുവന്നിരുന്നു. 31 ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള ബംഗാളില്‍ വോട്ടെടുപ്പ് തീയതികള്‍ റമദാന്‍ മാസത്തില്‍ നിന്ന് മാറ്റണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമേന്ദ്ര മിത്രയും ആവശ്യപ്പെട്ടിരുന്നു.