ന്യൂദല്‍ഹി- കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും പ്രശ്‌നത്തില്‍ ഇടപെടുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. തര്‍ക്കം എത്രയും വേഗത്തില്‍ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസിലെ പ്രശ്‌നം ഗൗരവത്തോടെ തന്നെയാണ് മുന്നണി കാണുന്നതെന്നും കോട്ടയം സീറ്റിന്റെ കാര്യത്തില്‍ പാളിച്ച പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
സമയബന്ധിതമായി പ്രശ്‌നം പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന കാര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ ഇടപെടില്ലെന്ന് തിങ്കളാഴ്ച റോഷി അഗസ്റ്റിന്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അതിനു ശേഷം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മുറുകുകയും ഒടുവില്‍ നാടകീയമായി കെ.എം.മാണി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഇതിനു പിന്നാലെ കടുത്ത അമര്‍ഷമുണ്ടെന്ന് വ്യക്തമാക്കി ജോസഫ് രംഗത്തെത്തുകയും പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് യുഡിഎഫ് വിജയപ്രതീക്ഷയില്‍ മുന്‍പന്തിയില്‍ കാണുന്ന കോട്ടയത്ത് പാളിച്ച പാടില്ലെന്ന ശക്തമായ നിര്‍ദേശവുമായി മുന്നണി കണ്‍വീനര്‍ രംഗത്തുവന്നിരിക്കുന്നത്.