ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തയാറാക്കിയ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ ജനങ്ങള്‍ക്ക് തന്നെ പരാതിപ്പെടാം. ഇതിനായി 'സിവിജില്‍ ആപ്പ് എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
പെരുമാറ്റ ചട്ടലംഘനം പരാതിപ്പെടുന്നതിലെ നൂലാമാലകള്‍ ഒഴിവാക്കാനായാണ് കമ്മീഷന്റെ പുതിയ നടപടി. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ എളുപ്പത്തില്‍ അത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ ചിത്രമോ വീഡിയോയോ പകര്‍ത്തി ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാം. വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് സിവിജില്‍ ആപ്പ്. ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ശേഷം വീഡിയോ, ഫോട്ടോ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് ദൃശ്യം പകര്‍ത്തി വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് ചേര്‍ത്ത് കമ്മീഷന് അയച്ചുകൊടുക്കാം.
എന്നാല്‍, പരാതിപ്പെടുന്നയാള്‍ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ നൂറ് മിനിറ്റില്‍ (ഒരു മണിക്കൂര്‍ 40 മിനിറ്റില്‍) നടപടി
സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. കൂടാതെ, വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയുന്നതിനായി വോട്ടി0ഗ് യന്ത്രങ്ങളിലും പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളിലും സ്ഥാനാര്‍ത്ഥികളുടെ ചിത്രം രേഖപ്പെടുത്തും.
ഇതിനുവേണ്ടി സ്ഥാനാര്‍ത്ഥികള്‍ അവരുടെ ഏറ്റവും പുതിയ സ്റ്റാമ്പ് സൈസ് ഫോട്ടോ നല്‍കണമെന്ന നിര്‍ദേശവും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.