Sorry, you need to enable JavaScript to visit this website.

കല്യോട്ട് പോകാൻ കഴിയാത്തതിൽ ദുഃഖം; മനസ്സ് തുറന്ന്  പി. കരുണാകരൻ എം.പി

കാസർകോട് - കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി 230 കോടിയുടെ പ്രത്യേക പാക്കേജ് കൊണ്ടുവരാൻ കഴിഞ്ഞതിലും മറാട്ടി സമുദായത്തെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതും സന്തോഷം. ആഗ്രഹം ഉണ്ടായിരുന്നിട്ടും രണ്ടു യുവാക്കൾ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ പെരിയ കല്യോട്ടെ അവരുടെ വീടുകളിൽ പോകാൻ കഴിയാത്തത് ദുഃഖകരമായ അനുഭവം. 15 വർഷത്തെ നേട്ടങ്ങളുടെ പട്ടികയുമായി കാസർകോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കവേയാണ് പി. കരുണാകരൻ എം.പി മനസ്സു തുറന്നത്. 
എൻഡോസൾഫാൻ ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നതിന് കോടികളുടെ പദ്ധതികൾ കൊണ്ടുവന്നപ്പോൾ ഇവിടത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ടുമാർ പോലും അത്ഭുതപെട്ടിരുന്നു. ജില്ലയിൽ എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളായ 11 പഞ്ചായത്തുകളിൽ 55 അംഗനവാടികൾ, ബഡ്സ് സ്‌കൂളുകൾ, കുടിവെള്ള പദ്ധതികൾ ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, തൃക്കരിപ്പൂർ, നീലേശ്വരം താലൂക്ക് ആശുപത്രികൾ എന്നിവക്ക് വേണ്ടി ഫണ്ട് ചെലവഴിക്കാൻ കഴിഞ്ഞത് വലിയ സന്തോഷമായി തോന്നുകയാണ്. അതേസമയം കല്യോട്ട് രണ്ടു യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല. മുഖ്യമന്ത്രി ആ സംഭവത്തെ അപലപിച്ചിട്ടുണ്ട്. അവരുടെ വീടുകളിൽ പോയി കുടുംബത്തെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാൻ അക്കാര്യം ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നിലിനോട് പറഞ്ഞതുമാണ്. പക്ഷേ എന്തുകൊണ്ടോ ആ ആഗ്രഹം നിരാകരിക്കപ്പെട്ടു. അവിടെ പോകാൻ കഴിയാത്തതിൽ ദുഃഖം തോന്നുന്നുവെന്നും പി കരുണാകരൻ പറഞ്ഞു. 
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത കൂട്ടത്തിൽ കാസർകോട് ജില്ലയിൽ മറാട്ടി സമുദായത്തെ പട്ടികവർഗ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയത് പിൻവലിക്കാൻ പാർലമെന്റിന് അകത്തും പുറത്തും വലിയ പോരാട്ടം നടത്തേണ്ടിവന്നു. കർണാടകയിലും വയനാട്ടിലും പോയി പഠനം നടത്തിയാണ് കേന്ദ്ര സർക്കാരിൽ ഇതിന് വേണ്ടി സമ്മർദം ചെലുത്തി കേന്ദ്ര മന്ത്രിസഭ എന്റെ ഭേദഗതി പാസാക്കിയത്. ഏറെ ആക്ഷേപം കേൾക്കേണ്ടിവന്ന പള്ളിക്കര മേൽപാലം പണി തുടങ്ങാൻ സത്യഗ്രഹം നടത്തേണ്ടിവന്നു. പലതവണ എസ്റ്റിമേറ്റ് മാറ്റുകയും ടെണ്ടർ മാറ്റുകയും ചെയ്ത ശേഷമാണ് പള്ളിക്കര മേൽപാലം ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തി 83 കോടി രൂപ ചിലവിൽ ഏറ്റവും വേഗത്തിൽ പൂർത്തിയാകാൻ പോകുന്നത്. ഇത് വലിയ നേട്ടമായി കാണുകയാണ്. 
അഞ്ച് മേജർ മേൽപാലങ്ങൾ, ആറ് ഫുട് ഓവർബ്രിഡ്ജുകൾ, ഏഴ് അടിപ്പാതകൾ. അന്ത്യോദയ, രാജധാനി, സമ്പർക്ക ക്രാന്തി, ഗാന്ധിധാം തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ സാധിച്ചു. പാലക്കാട് ഡിവിഷനിൽ ഏറ്റവും കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് കാസർകോട് മണ്ഡലത്തിലാണ്. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി പ്രഭാകരൻ കമ്മീഷൻ ശുപാർശ പ്രകാരമുള്ള നിരവധി പദ്ധതികൾ, റോഡ് വികസനത്തിന് കോടികൾ ചെലവഴിക്കാൻ കഴിഞ്ഞത്. യു.പി.എ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ ആണ് കാസർകോട് കേന്ദ്ര സർവകലാശാല ആരംഭിക്കാൻ എന്റെ ശ്രമഫലമായി കഴിഞ്ഞത്. മറ്റേതെങ്കിലും നാട്ടിലേക്ക് പോകുമായിരുന്ന 3000 കോടിയുടെ ചെലവിൽ സർവകലാശാല പെരിയയിൽ തുടങ്ങിയതും പ്രധാന നേട്ടമായി തന്നെ കരുതുകയാണ്. കേരളത്തിൽ രണ്ടു പാസ്‌പോർട്ട് ഓഫീസുകൾ പ്രവർത്തിക്കുന്നത് കാസർകോട് മണ്ഡലത്തിൽ മാത്രമാണ് . നിരവധി കേന്ദ്രീയ വിദ്യാലയങ്ങൾ മറ്റേതെങ്കിലും ജില്ലകളിൽ ഉണ്ടോയെന്നും പി. കരുണാകരൻ എം.പി ചോദിച്ചു. 
കാഞ്ഞങ്ങാട്-കാണിയൂർ റെയിൽവേ സ്വപ്‌ന പദ്ധതിക്ക് അംഗീകാരം വാങ്ങിച്ചെടുക്കാനും സർവേ ആരംഭിക്കാനും കഴിഞ്ഞു. എം.പി ഫണ്ടിന്റെ 97 ശതമാനം ചെലവഴിച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. കാസർകോട് മണ്ഡലത്തിന് വേണ്ടി ഇത്രയധികം നന്മകൾ ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും തോന്നുന്നു. മൂന്ന് മാസത്തിലൊരിക്കൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വിളിച്ചു ചേർത്ത് ചർച്ച നടത്തിയാണ് പല പദ്ധതികളും നടപ്പിലാക്കിയത്. പള്ളിക്കര മേൽപാലത്തിന് തടസ്സവാദം സൃഷ്ടിച്ച കേരളത്തിലെ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെ വീട്ടിൽ വിളിച്ചു വരുത്തി പിന്തിരിപ്പിച്ച കാര്യവും എംപി തുറന്നുപറഞ്ഞു. 
പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലക്കും ആണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. ഏറ്റവും കൂടുതൽ സ്‌കൂളുകൾക്ക് ബസ് വാങ്ങിനൽകിയത് ഒരു ചരിത്രം തന്നെയാണെന്നും പി. കരുണാകരൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. കെ വി പത്മേഷ് സ്വാഗതം പറഞ്ഞു. സി പി എം സംസ്ഥാന സമിതി അംഗം അഡ്വ. സി എച്ച് കുഞ്ഞമ്പുവും സംബന്ധിച്ചു.  

 

Latest News