Sorry, you need to enable JavaScript to visit this website.

റെക്കോർഡ് കുറിക്കുമോ അദ്വാനി

അദ്വാനി-ഗാന്ധി നഗർ (ഗുജറാത്ത്)

എഴുപത്തഞ്ച് വയസ്സ് കഴിഞ്ഞവർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ബി.ജെ.പി നീക്കുന്നു. എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ശാന്തകുമാറുമൊക്കെ മത്സരിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച ചേർന്ന ബി.ജെ.പിയുടെ പാർലമെന്ററി ബോർഡാണ് മാരത്തൺ യോഗത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മത്സരിക്കാൻ അവർക്ക് തടസ്സമില്ലെന്നും എന്നാൽ മത്സരിക്കണമോയെന്നത് അവരവരുടെ സ്വന്തം നിലപാടാണെന്നുമാണ് ബി.ജെ.പി വ്യക്തമാക്കിയത്. എന്നാൽ പാർട്ടിയിലും സർക്കാരിലും പദവി വഹിക്കാൻ അവർക്ക് കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാർട്ടി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. സിറ്റിംഗ് എം.പിമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനുള്ള നിബന്ധനകളും യോഗം ചർച്ച ചെയ്തു. 
91 വയസ്സുകാരനായ അദ്വാനി ഇപ്പോൾ ലോക്‌സഭയിലെ ഏറ്റവും മുതിർന്ന അംഗമാണ്. 1991 മുതൽ ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് അദ്വാനി ജയിക്കുന്നത്. കഴിഞ്ഞ അഞ്ച് ഇലക്ഷനിലും അദ്വാനിക്ക് വൻ ഭൂരിപക്ഷം കിട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. മോർബി, അംറേലി, ഗിർസോമനാഥ് എന്നീ ജില്ലകളിൽ ഒരു സീറ്റ് പോലും ബി.ജെ.പിക്ക് കിട്ടിയിരുന്നില്ല. എന്നാൽ ഗാന്ധി നഗർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും ബി.ജെ.പി നേടി. 
അദ്വാനി മത്സരിക്കുകയാണെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രായമേറിയ വ്യക്തി എന്ന റെക്കോർഡിന് ഉടമയാവും അദ്ദേഹം. 2009 ൽ ജനതാദൾ യുനൈറ്റഡ് ടിക്കറ്റിൽ ബിഹാറിലെ ഹാജിപുരിൽ നിന്ന് ജയിച്ച രാംസുന്ദർ ദാസിന്റെ പേരിലാണ് നിലവിലെ റെക്കോർഡ്. 2009 ൽ എൺപത്തെട്ടാം വയസ്സിൽ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാലാവധി പൂർത്തിയാക്കിയത് 93 ാം വയസ്സിലാണ്. 
അദ്വാനിക്കു പുറമെ മുരളി മനോഹർ ജോഷി (84 വയസ്സ്), ശാന്തകുമാർ (85), കൽരാജ് മിശ്ര (77), ഭഗത് സിംഗ് കോഷിയാരി (77) എന്നിവരും പാർട്ടിയുടെ പച്ചക്കൊടിക്കായി കാത്തുനിൽക്കുകയാണ്. 1991 മുതൽ 1993 വരെ ബി.ജെ.പി പ്രസിഡന്റായിരുന്ന മുരളി മനോഹർ ജോഷി 2014 ൽ കാൺപൂരിൽ നിന്നാണ് ജയിച്ചത്. വരാണസിയായിരുന്നു ജോഷിയുടെ മണ്ഡലം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കായി അത് ഒഴിഞ്ഞു കൊടുക്കുകയായിരുന്നു ജോഷി. 
അമിത് ഷാ പാർട്ടി പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം അടൽബിഹാരി വാജ്‌പേയിയെയും അദ്വാനിയെയും ജോഷിയെയും പാർട്ടിയുടെ അത്യുന്നത സമിതിയായ പാർലമെന്ററി ബോർഡിൽ നിന്ന് നീക്കം ചെയ്തിരുന്നു. പകരം മാർഗദർശക് മണ്ഡൽ എന്ന ഉപദേശക സമിതി രൂപീകരിച്ച് അതിൽ അവരെ കുടിയിരുത്തുകയാണ് ചെയ്തത്. അദ്വാനിയും മോഡിയും തമ്മിലുള്ള ബന്ധം അത്ര സുഖകരവുമായിരുന്നില്ല. എന്നാൽ ലോക്‌സഭാ ഇലക്ഷനിൽ പ്രതിപക്ഷം കൈകോർത്ത സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തലമുതിർന്ന നേതാക്കളെ വീണ്ടും മത്സരിപ്പിക്കുന്നത്. 
ഹിമാചൽ പ്രദേശിലെ കാംഗ്ര മണ്ഡലത്തെയാണ് ശാന്തകുമാർ പ്രതിനിധീകരിച്ചിരുന്നത്. മുൻ ഹിമാചൽ മുഖ്യമന്ത്രിയായ ശാന്തകുമാർ 1989 ലും 1998 ലും 1999 ലും 2014 ലും അവിടെ നിന്ന് ജയിച്ചു.  
ഉത്തർപ്രദേശ് ബി.ജെ.പിയുടെ ബ്രാഹ്മണ മുഖമാണ് കൽരാജ് മിശ്ര. കഴിഞ്ഞ തവണ യു.പിയിലെ ദേവരിയയിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര മന്ത്രിസഭയിൽ ആദ്യം അദ്ദേഹത്തിന് സ്ഥാനം നൽകിയിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ കോഷിയാരി ഉദ്ധംസിംഗ് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 

 

Latest News