> 1961-നു ശേഷം ആദ്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഗുജറാത്തില്‍ നാളെ
ഗാന്ധിനഗര്‍- ഗുജറാത്തില്‍ ഒരു വശത്ത് പുതിയ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ മറുവശത്ത് പാര്‍ട്ടി എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്ക് പാര്‍ട്ടി തിരിച്ചടിയാകുന്നു. 58 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഗാന്ധിനഗറില്‍ നാളെ നടക്കാനിരിക്കെ ഒരാഴ്ചയ്ക്കിടെ മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ നാലു കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ എംഎല്‍എ സ്ഥാനവും രാജിവച്ചു. വല്ലഭ് ധാരാവിയയാണ് ചൊവ്വാഴ്ച കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എ. ഇദ്ദേഹത്തോടൊപ്പം മുന്‍ കോണ്‍ഗ്രസ് എംഎല്‍എ പരസോത്തം സബരിയയും ബിജെപിയില്‍ ചേര്‍ന്നു. ജവഹര്‍ ചാവ്ഡ വെള്ളിയാഴ്ച പാര്‍ട്ടി വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. ആശ പട്ടേല്‍ എംഎല്‍എ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.
2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റു നേടി മികച്ച മുന്നേറ്റം നടത്തിയ കോണ്‍ഗ്രസിന് ഇപ്പോള്‍ 71 സീറ്റുകളായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്ക് ആരംഭിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ കുന്‍വര്‍ജി ബവാലിയയാണ് ആദ്യം പാര്‍ട്ടി വിട്ടത്. ഇദ്ദേഹം ഇപ്പോല്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയാണ്.
അതേസമയം പട്ടിദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിനെത്തുന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ഹര്‍ദിക്കിന്റെ കോണ്‍ഗ്രസ് രംഗപ്രവേശം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളായിരിക്കും നാളെ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിലെ പ്രധാന ചര്‍ച്ച. കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയുടെ യോഗം 1961-നു ശേഷം ആദ്യമായാണ് ഗുജറാത്തില്‍ ചേരുന്നത്. യോഗത്തിനു ശേഷം ഗാന്ധിനഗറിലെ അഡലാജില്‍ കോണ്‍ഗ്രസിന്റെ മഹാറാലിയും നടക്കും. പുതുതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധിയും ഈ റാലിയില്‍ പ്രസംഗിച്ചേക്കും. രാഷ്ട്രീയത്തിലെത്തിയ ശേഷമുള്ള പ്രിയങ്കയുടെ പ്രഥമ പ്രസംഗമായിരിക്കും ഇത്.