ന്യുദല്‍ഹി- ഒരു മാസമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍ വില തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ചങ്കിടിപ്പേറ്റിയിരിക്കുകയാണ്. ചൈനയും യുഎസും തമ്മിലുള്ള വ്യാപാരം യുദ്ധം അവസാനിക്കുകയാണെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ രാജ്യാന്തര വിപണിയില്‍ ഇന്ധന വില ഉയര്‍ന്നത് കാരണം ഇന്ത്യയില്‍ രണ്ടു രൂപയിലെറെയാണ് ഈയിടെ വര്‍ധിച്ചത്. ഈ പ്രവണത തുടരുകയാണ്. രാജ്യത്താകെ പൊതു തെരഞ്ഞെടുപ്പു ചൂട് പടര്‍ന്ന പശ്ചാത്തലത്തില്‍ എരിയുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരത്തിലേക്ക് എണ്ണയൊഴിക്കുന്ന പോലെയാകുമോ ഇന്ധന വിലയുടെ കാര്യം എന്നാണ് മോഡി സര്‍ക്കാരിന്റെ ആശങ്ക. മേയ് 19 വരെയെങ്കിലും ഈ വിലയൊന്ന് പിടിച്ചു നിര്‍ത്താന്‍ വഴിതേടുന്ന സര്‍ക്കാര്‍ സൗദി അറേബ്യയുടെ സഹായം തേടിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സൗദിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ അറിവായിട്ടില്ല.
ഇന്ധന വില വര്‍ധന പിടിച്ചുകെട്ടാന്‍ സഹായിക്കണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇപ്പോള്‍ ഇന്ത്യയിലുള്ള സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫാലിഹിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് പ്രധാന്‍ സൗദി മന്ത്രിയെ കണ്ട് ഈ ആവശ്യം ഉന്നയിച്ചത്. ഇന്ധന വില ഉയരുന്നതിലുള്ള ആശങ്ക പങ്കുവെച്ചുവെന്നും വില നിയന്ത്രിക്കാന്‍ കാര്യമായ സഹായം സൗദി ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചതായും പ്രധാന്‍ ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി.
Shared my concern on the rising oil prices and sought active role to be played by Saudi Arabia for keeping oil prices at reasonable level.
— Dharmendra Pradhan (@dpradhanbjp) March 9, 2019
ആഗോള ഇന്ധന വിപണിയില്‍ സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ സൗദിയുടെ സുപ്രധാന പങ്കിനെയും സ്വാധീനത്തേയും എടുത്തു പറഞ്ഞാണ് കേന്ദ്ര മന്ത്രി സഹായം തേടിയത്. ഇന്ധന വില വര്‍ധനയിലുള്ള ആശങ്ക മന്ത്രി പ്രധാന്‍ പങ്കുവച്ചതായും പിന്നീട്് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇന്ത്യയുടെ ആവശ്യത്തോട് സൗദി എങ്ങനെ പ്രതികരിച്ചുവെന്ന് കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല.
ദിവസേന പരിഷ്‌ക്കരിക്കുന്ന പെട്രോള്‍, ഡീസല്‍ വില തെരഞ്ഞെടുപ്പു കാലത്തും ഉയര്‍ന്നു കൊണ്ടിരുന്നാല്‍ അത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും തിരിച്ചടിയാകുമെന്നും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ആശങ്കയുണ്ട്. കഴിഞ്ഞ വര്‍ഷം ബിജെപി വലിയ വെല്ലുവിളിനേരിട്ട കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് 19 ദിവസം എണ്ണ വില വര്‍ധന മോഡി സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയിരുന്നു. രാജ്യം ഒന്നടങ്കം തെരഞ്ഞെടുപ്പു നടക്കു ഈ സാഹചര്യത്തില്‍ ഇതെ തന്ത്രം വിജയിക്കണമെങ്കില്‍ സൗദിയുടെ സഹായം ആവശ്യമാണ്.