Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ യുവാവിന്റെ മരണം: സദാചാരക്കൊലയെന്ന് പൊലീസ്

കൊച്ചി-  കാക്കനാട് പാലച്ചുവട് റോഡില്‍ കഴിഞ്ഞ ദിവസം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സദാചാരക്കൊലയെന്ന് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ പിടിയിലായി. ഇവരില്‍ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.  ശനിയാഴ്ച രാവിലെയാണ്  വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസിനെ പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാശാസ്യം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ യുവാവ് കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞു. അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും പിന്നീട് ഇയാള്‍ ബോധരഹിതനായപ്പോള്‍ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക പരിശോധനയില്‍ ജിബിന് മര്‍ദ്ദനമേറ്റതായും തലയിലേറ്റ മുറിവ് വാഹനാപകടത്തിലുണ്ടായതല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കൊലപാതക സാധ്യതയിലേക്കുള്ള വഴി തുറന്നത്. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി  ഒരുമണിയോടെ ഒരു ഫോണ്‍ കോള്‍ വരികയും തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്‌കൂട്ടറുമായി ജിബിന്‍ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രദേശവാസികളായ 13 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.  സംഭവത്തില്‍ പങ്കുള്ള മറ്റുള്ളവരെ തിരിച്ചറിഞ്ഞ ശേഷം അവരേയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.  

 

 

Latest News