അജ്മാന്‍- കുട്ടികളെ ഉപേക്ഷിച്ച് അപ്രത്യക്ഷരായ മാതാപിതാക്കളെ 16 മാസത്തിന് ശേഷം പോലീസ് കണ്ടെത്തി. അറബ് വംശജരാണ് മാതാപിതാക്കള്‍. അയല്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് അപാര്‍ട്‌മെന്റിലെത്തിയ പോലീസ് കുട്ടികളെ ആദ്യം ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വേലക്കാരിയുടെ സംരക്ഷണത്തിലാക്കുകയും ചെയ്തു.
2017 നവംബറില്‍ ഒരു എതോപ്യന്‍ വനിതയെ വീട്ടുവേലക്കാരിയായി നിയമിച്ച ശേഷം അടുത്ത ദിവസം തന്നെ കുട്ടികളുടെ മാതാവ് അപ്രത്യക്ഷയാകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിലാണെന്ന് വ്യക്തമായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് മാതാവ്. ഷാര്‍ജയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇവര്‍.
മറ്റൊരു വീട്ടില്‍നിന്ന് ഒളിച്ചോടിയെത്തിയതായിരുന്നു എതോപ്യന്‍ വേലക്കാരി. സുരക്ഷിതമല്ലാത്ത രീതിയില്‍ കുട്ടികളെ ഉപേക്ഷിച്ചുപോയതിന് മാതാവിനെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. വേലക്കാരി പകല്‍സമയം പുറത്തുപോയി ജോലി ചെയ്താണ് കുട്ടികളെ പോറ്റിയത്. കുട്ടികളുടെ ബന്ധുക്കളെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് അല്‍ ഐനില്‍ ഇവരുടെ മുത്തശ്ശിയെ കണ്ടെത്തി. കുട്ടികളെ അവര്‍ക്ക് കൈമാറിയപ്പോള്‍, തങ്ങളെ സംരക്ഷിച്ച വേലക്കാരിയെ കെട്ടിപ്പിടിച്ച് കുട്ടികള്‍ കരഞ്ഞത് വികാര നിര്‍ഭരരംഗങ്ങള്‍ക്കിടയാക്കി.
കുട്ടികളോട് കാണിച്ച ദയക്കും കാരുണ്യത്തിനും വേലക്കാരിയോട് നന്ദി പറഞ്ഞ പോലീസ് നിയമവിരുദ്ധ താമസത്തിനുള്ള അവരുടെ പിഴ ഒഴിവാക്കി കൊടുക്കുകയും എതോപ്യയിലേക്ക് തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ് നല്‍കുകയും ചെയ്തു.