ന്യൂദല്‍ഹി- തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വിവരങ്ങളും നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങുകയും വേണം. രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിക്കാന്‍ കമ്മീഷന്‍ ഗൂഗ്ള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നീ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരസ്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈക്യാര്യ ചെയ്യാനായി ഒരു ഓഫീസറേയും കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിന് ചെലവഴിക്കുന്ന തുകയും തെരഞ്ഞെടുപ്പു ചെലവ് അക്കൗണ്ടില്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുത്തണം. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുന്‍ നിര ഐടി കമ്പനികള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.