Sorry, you need to enable JavaScript to visit this website.

യു.പി: ബാധ്യതയായി മുസ്‌ലിം സ്ഥാനാർഥികൾ

ഉത്തർപ്രദേശിൽ ചരിത്രത്തിലാദ്യമായി മുസ്‌ലിം സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെടാതിരുന്നത് 2014 ലാണ്. വിവിധ പാർട്ടികളുടെ ബാനറിൽ നിരവധി മുസ്‌ലിം സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും ഒരാൾ പോലും പച്ച തൊട്ടില്ല. നാലു വർഷത്തിനു ശേഷം ഖൈറാന ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥിയായി തബസ്സും ബീഗം ജയിച്ചതോടെയാണ് യു.പിക്ക് ഒരു മുസ്‌ലിം എം.പിയെ കിട്ടിയത്. അഞ്ചു വർഷം പിന്നിടുമ്പോൾ മുസ്‌ലിംകൾ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കൂടുതൽ വിദൂരമാവുകയാണ്. മുസ്‌ലിംകളെ സ്ഥാനാർഥിയാക്കാൻ പാർട്ടികൾ മടിക്കുകയാണെന്നാണ് റിപ്പോർട്ട്. 
2014 ൽ എസ്.പിയും ബി.എസ്.പിയും 30 മുസ്‌ലിംകളെ മത്സരിപ്പിച്ചിരുന്നു. ഇത്തവണ അത്രയും പേർക്ക് ടിക്കറ്റ് കിട്ടില്ലെന്നാണ് റിപ്പോർട്ട്. മുസ്‌ലിംകൾ സ്ഥാനാർഥിയാവുന്നതോടെ സംഘപരിവാറിന് വർഗീയ പ്രചാരണം ഇളക്കിവിടാൻ എളുപ്പമാണെന്ന് എല്ലാ പാർട്ടികളും മനസ്സിലാക്കുന്നു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുസ്‌ലിം സ്ഥാനാർഥികൾക്കാണ് കൂടുതൽ പരിക്കേറ്റത്. മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് അവർക്ക് ഒരു ലക്ഷത്തിലേറെ വോട്ട് കിട്ടിയത്. അതിനാൽ കോൺഗ്രസിന്റെ മുസ്‌ലിം സ്ഥാനാർഥികളെ എസ്.പി-ബി.എസ്.പി സഖ്യം കാര്യമാക്കുന്നേയില്ല. ബി.ജെ.പിയെ തോൽപിക്കാൻ എസ്.പി-ബി.എസ്.പി സഖ്യത്തിനാണ് സാധ്യത കൂടുതലെന്നതിനാൽ ഇത്തവണ മുസ്‌ലിം പിന്തുണ പ്രധാനമായും അവർക്കായിരിക്കും. പക്ഷേ എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ പട്ടികയിൽ പത്തിൽ കുറവ് മുസ്‌ലിം സ്ഥാനാർഥികളേയുള്ളൂ എന്നാണ് റിപ്പോർട്ട്. 
2014 ൽ അഞ്ച് സീറ്റുകളിൽ ബി.എസ്.പിയുടെയും എസ്.പിയുടെയും കോൺഗ്രസിന്റെയും മുസ്‌ലിം സ്ഥാനാർഥികൾ തമ്മിൽ കടുത്ത മത്സരം അരങ്ങേറുകയും ഇടയിലൂടെ ബി.ജെ.പി ജയിക്കുകയും ചെയ്തിരുന്നു. മുറാദാബാദിൽ എസ്.പിയുടെ ഡോ. എസ്.ടി ഹസനും ബി.എസ്.പിയുടെ ഹാജി മുഹമ്മദ് യാഖൂബും തമ്മിൽ പൊരുതിയപ്പോൾ ബി.ജെ.പിയുടെ കുൻവർ സർവേഷ് കുമാറിന് കാര്യം എളുപ്പമായി. എസ്.ടി ഹസനും മുഹമ്മദ് യാഖൂബും 5.6 ലക്ഷം വോട്ട് പിടിച്ചപ്പോൾ സർവേഷ് 4.85 ലക്ഷം വോട്ടുമായി ജയിച്ചു. രാംപൂരിൽ മുസ്‌ലിം സ്ഥാനാർഥികൾ തമ്മിൽ ത്രികോണ മത്സരമാണ് അരങ്ങേറിയത്. നസീർ അഹ്മദ് ഖാന് (എസ്.പി) 3.35 ലക്ഷം വോട്ടും നവാബ് കാസിം അലിഖാന് (കോൺഗ്രസ്) 1.56 ലക്ഷം വോട്ടും അക്ബർ ഹുസൈന് (ബി.എസ്.പി) 81,000 വോട്ടും കിട്ടി. മൊത്തം ആറ് ലക്ഷത്തോളം വോട്ട്. ബി.ജെ.പിയുടെ നേപ്പാൾ സിംഗ് 3.58 ലക്ഷം വോട്ടുമായി ജയിച്ചു. അംറോഹ, സഹാറൻപൂർ, മീററ്റ് എന്നീ മണ്ഡലങ്ങളിലും മുസ്‌ലിം വോട്ടുകൾ ഭിന്നിക്കുകയും ബി.ജെ.പി ജയിക്കുകയും ചെയ്തു. ആറ് മണ്ഡലങ്ങളിൽ എസ്.പിയും ബി.എസ്.പിയും മുസ്‌ലിം സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്. രണ്ട് സ്ഥാനാർഥികൾക്കും നല്ല വോട്ട് കിട്ടിയത് ഫലത്തിൽ സഹായിച്ചത് ബി.ജെ.പിയെയാണ്. ഇത്തവണ എസ്.പി-ബി.എസ്.പി സഖ്യം നിലവിൽ വന്നത് ഇത്തരം സാഹചര്യം ഒഴിവാക്കും. എന്നാൽ മുസ്‌ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ സഖ്യം മടിക്കുകയാണ്. 
എസ്.പിയുടെ 13 മുസ്‌ലിം സ്ഥാനാർഥികളിൽ അഞ്ചു പേർക്ക് മൂന്നു ലക്ഷത്തിലേറെ വോട്ട് കിട്ടി. ഏഴ് പേർക്ക് രണ്ട് ലക്ഷത്തിലേറെ വോട്ട് ലഭിച്ചു. എസ്.പി മുസ്‌ലിംകളെ മത്സരിപ്പിച്ച 13 മണ്ഡലങ്ങളിൽ ഏഴും ഇത്തവണ അവർ കൈവിട്ടു. സീറ്റ് വിഭജനത്തിൽ ഈ മണ്ഡലങ്ങൾ ബി.എസ്.പിക്കാണ് കിട്ടിയത്. ഒന്ന് ആർ.എൽ.ഡിക്ക് കൈമാറി. അവശേഷിക്കുന്ന അഞ്ച് മണ്ഡലമാണ് എസ്.പിക്കു ലഭിച്ചത്. എസ്.പി മൊത്തം 37 സീറ്റിലാണ് യു.പിയിൽ മത്സരിക്കുക. അതിൽ ഈ അഞ്ചിലെങ്കിലും അവർ മുസ്‌ലിം സ്ഥാനാർഥികളെ നിർത്തുമെന്നാണ് കരുതുന്നത്. മുൻ കേന്ദ്ര മന്ത്രി റഷീദ് മസൂദിന്റെ മകൻ ശസാൻ മസൂദ്, മീററ്റിൽ മത്സരിച്ച മുൻ മന്ത്രി ശാഹിദ് മൻസൂർ, അംറോഹയിൽ കഴിഞ്ഞ തവണ 3.70 ലക്ഷം വോട്ട് നേടിയ ഹുമേറ അഖ്തർ എന്നിവരൊക്കെ തഴയപ്പെടും. 2014 ൽ രണ്ട് ലക്ഷത്തിലേറെ വോട്ട് നേടിയ മുൻ എം.എൽ.എ ഗുലാം മുഹമ്മദ്, മുൻ എം.എൽ.എയും വ്യവസായിയുമായ സഫർ ആലം, ശഖീൽ അഹ്മദ് എന്നിവർക്കും സീറ്റ് കിട്ടാനിടയില്ല. 
കഴിഞ്ഞ തവണ എസ്.പി മുസ്‌ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ച സാംഭൽ, രാംപൂർ, മുറാദാബാദ്, ബറേലി, ഖൈറാന എന്നിവിടങ്ങളിലാണ് പാർട്ടി ഇത്തവണയും മത്സരിക്കുക. സാംഭലിൽ ശഫീഖുറഹ്മാൻ ബർഖ് കഴിഞ്ഞ തവണ തോറ്റത് വെറും അയ്യായിരം വോട്ടിനായിരുന്നു. ഖൈറാനയിൽ ആർ.എൽ.ഡിയുടെ തബസ്സും ഉപതെരഞ്ഞെടുപ്പിൽ ജയിച്ചു. 
2014 ൽ ബി.എസ്.പി 17 മണ്ഡലങ്ങളിൽ മുസ്‌ലിം സ്ഥാനാർഥികളെ നിർത്തി. സീറ്റ് വിഭജനത്തിന്റെ ഭാഗമായി ഇതിൽ ഏഴ് എസ്.പിക്ക് കൈമാറി. ബി.എസ്.പിയുടെ രണ്ട് മുസ്‌ലിം സ്ഥാനാർഥികൾക്ക് മൂന്നു ലക്ഷത്തിലേറെ വോട്ട് കിട്ടിയിരുന്നു. നേരത്തെ മുസ്‌ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ച 10 മണ്ഡലങ്ങൾ ഇത്തവണയും ബി.എസ്.പിക്കു കിട്ടി. കഴിഞ്ഞ തവണ മത്സരിച്ച ഖൈസർ ജഹാൻ (സിതാപൂർ), അഫ്‌സൽ സിദ്ദീഖി (ഫത്തേപൂർ), മുഹമ്മദ് മുഖീം (ദൂമരിയാഗഞ്ച്) എന്നിവരൊന്നും ഇപ്പോൾ ബി.എസ്.പിക്കൊപ്പമില്ല. അംറോഹ, സഹാറൻപൂർ, ഗാസിപൂർ, മീററ്റ്, ബിജ്‌നൂർ, ദൂമരിയാഗഞ്ച് എന്നീ ആറ് മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതല ബി.എസ്.പി മുസ്‌ലിംകൾക്കാണ് നൽകിയിരിക്കുന്നത്. ഇവർ മത്സരിക്കാനും സാധ്യതയുണ്ട്. എങ്കിൽ പോലും കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവ് മുസ്‌ലിം സ്ഥാനാർഥികളേ ഇത്തവണ ബി.എസ്.പിക്കുണ്ടാവൂ. 
കോൺഗ്രസ് 2014 ൽ 11 മുസ്‌ലിംകളെ ഇറക്കി. മൂന്നു പേർ മാത്രമാണ് ഒരു ലക്ഷത്തിലേറെ വോട്ട് നേടിയത്. സഹറാൻപൂരിൽ ഇംറാൻ മസൂദും രാംപൂരിൽ നവാബ് കാസിം അലി ഖാനും ഖേരിയിൽ സഫർഅലി നഖ്‌വിയും. മുൻ കേന്ദ്ര മന്ത്രിമാരായ സലീം ഇഖ്ബാൽ ശർവാനിയും (അവോൻല) സൽമാൻ ഖുർഷിദും (ഫാറൂഖാബാദ്) ഒരു ലക്ഷത്തിനടുത്ത് വോട്ട് പിടിച്ചു. ജവാഹർലാൽ നെഹ്‌റുവിന്റെ മണ്ഡലമായിരുന്ന ഫൂൽപുരിൽ ക്രിക്കറ്റർ മുഹമ്മദ് ഖൈഫിനെ മത്സരിപ്പിച്ചെങ്കിലും കിട്ടിയത് അര ലക്ഷത്തിൽപരം വോട്ട് മാത്രം. മീററ്റിൽ മത്സരിച്ച ബോളിവുഡ് നടി നഗ്മക്ക് കിട്ടിയത് 43,000 വോട്ടും. 
ഖൗമി ഏകതാദൾ ടിക്കറ്റിൽ മുഖ്താർ അൻസാരിക്ക് ഗോസിയിൽ 1.66 ലക്ഷം വോട്ട് കിട്ടിയിരുന്നു. സഹോദരൻ അഫ്‌സൽ അൻസാരി ബലിയയിൽ 1.64 ലക്ഷം വോട്ട് നേടി. ഡോ. മുഹമ്മദ് അയൂബിന്റെ പീസ് പാർട്ടി, രാഷ്ട്രീയ ഉമലാ കൗൺസിൽ എന്നിവക്കും അവരുടേതായ കേന്ദ്രങ്ങളിൽ നല്ല വോട്ടുണ്ട്. ഡോ. അയൂബ് സീറ്റിനായി കോൺഗ്രസിനെയും എസ്.പി-ബി.എസ്.പി സഖ്യത്തെയും സമീപിക്കുന്നുണ്ട്. 

Latest News