Sorry, you need to enable JavaScript to visit this website.

പ്രഥമ വനിത വീണ്ടുമിറങ്ങും 

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 2014 ൽ ഭാര്യ ഡിംപിൾ യാദവ് ഉത്തർപ്രദേശിലെ കനൗജിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഖിലേഷിന് മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടു. കനൗജിൽ നിന്ന് 2019 ൽ താൻ മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് പ്രഖ്യാപിച്ചു. എന്നാൽ അഖിലേഷിന്റെ പത്‌നി തന്നെയാണ് ഇവിടെ വീണ്ടും എസ്.പി സ്ഥാനാർഥി. 
സമാജ് വാദി പ്രഖ്യാപിച്ച ആറു പേരുടെ പ്രഥമ പട്ടികയിൽ യാദവ് കുടുംബത്തിലെ രണ്ടു പേരുണ്ട്. മെയിൻപുരിയിൽ അഖിലേഷിന്റെ പിതാവ് മുലായം സിംഗ് യാദവും കനൗജിൽ ഭാര്യ ഡിംപിളും. മുലായം സിംഗിന്റെ അനന്തരവൻ ധർമേന്ദ്ര യാദവ് ബദൗനിലും ബന്ധു രാംഗോപാൽ യാദവിന്റെ മകൻ അക്ഷയ് യാദവ് ഫിറോസാബാദിലും ജനവിധി തേടും. 
കമലേഷ് കതേരിയ (ഇറ്റാവ), ഭായിലാൽ കോൾ (റോബർട്‌സ്ഗഞ്ച്), ശബീർ വാൽമീകി (ബഹ്‌റൈച്) എന്നിവിടങ്ങളിലാണ് മറ്റു എസ്.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇറ്റാവയും റോബർട്‌സ്ഗഞ്ചും ബഹ്‌റൈചും സംവരണ മണ്ഡലങ്ങളാണ്.
മെയിൻപുരിയെ മൂന്നു തവണ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട് മുലായം സിംഗ് യാദവ്. 1996 ലും 2004 ലും 2009 ലും.  2014 ൽ മുലായം രണ്ടിടത്ത് മത്സരിച്ചു. മെയിൻപുരിക്കു പുറമെ അസംഗഢിൽ. രണ്ടിടത്തും ജയിച്ചു. 
അഖിലേഷും ഡിംപിളും കണ്ടുമുട്ടുന്നത് ലഖ്‌നൗ യൂനിവേഴ്‌സിറ്റിയിലെ പഠന കാലത്താണ്. തുടക്കത്തിൽ യാദവ് കുടുംബം ഇവരുടെ പ്രണയത്തെ എതിർത്തിരുന്നു. മുലായം സിംഗിന്റെ മാതാവ് മൂർത്തി ദേവിയാണ് ആദ്യം വിവാഹത്തിന് സമ്മതം മൂളിയത്. 
2009 ൽ രാജ് ബബ്ബറിനെതിരെ ഫിറോസാബാദിലാണ് ഡിംപിൾ ആദ്യം മത്സരിച്ചത്, ഉപതെരഞ്ഞെടുപ്പിൽ. കനൗജിലും ഫിറോസാബാദിലും ജയിച്ച അഖിലേഷ് യാദവ് ഫിറോസാബാദ് കൈവിട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആദ്യ ചുവട് പിഴച്ചു. ഡിംപിൾ തോറ്റു. 2012 ൽ അഖിലേഷ് മുഖ്യമന്ത്രിയായതോടെ കനൗജിൽ നിന്ന് എതിരില്ലാതെ ഡിംപിൾ ലോക്‌സഭയിലെത്തി. ഉത്തർപ്രദേശിൽ നിന്ന് എതിരില്ലാതെ ലോക്‌സഭയിലെത്തുന്ന നാലാമത്തെ വ്യക്തിയായി ഡിംപിൾ. തീവണ്ടി വൈകിയതിനാൽ സ്ഥാനാർഥിക്ക് സമയത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനായില്ലെന്നാണ് ബി.ജെ.പി വിശദീകരിച്ചത്. ഡിംപിൾ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ഭർത്താവ് മുഖ്യമന്ത്രിയായ രാജ്യത്തെ ആദ്യത്തെ വനിതാ എം.പിയായി അവർ. കൂടാതെ അമ്മായിയച്ഛന്റെ (മുലായം സിംഗ്) ഒരേ സഭയിൽ ഇരുന്ന വനിതയെന്ന നേട്ടവും സ്വന്തമാക്കി. 
മറ്റു രണ്ടു വനിതകളെ കൂടി ഇത്തവണ എസ്.പി കളത്തിലിറക്കുന്നുണ്ട്. ഹർദോയിയിൽ മുപ്പത്തൊന്നുകാരി ഉഷാ വർമയും ഖിരിയിൽ ഇരുപത്തെട്ടുകാരി പൂർവി വർമയും മത്സരിക്കും. 2014 ൽ അഞ്ച് സീറ്റിലൊതുങ്ങിയിരുന്നു എസ്.പി. ഇത്തവണ ബി.എസ്.പി സഖ്യം എസ്.പിക്ക് വലിയ ഗുണം ചെയ്യുമെന്നു കരുതുന്നു. 

 

Latest News