കോഴിക്കോട്- പാർട്ടിക്ക് സീറ്റ് നൽകാത്തതിനെ വിമർശിച്ച ജില്ലാ പ്രസിഡന്റിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന നേതൃത്വം. മനയത്ത് ചന്ദ്രനെതിരെ ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി നടപടിയെടുക്കുമെന്നാണ് സൂചന.
ഇടതുമുന്നണിയിൽ ചേരുന്നതിന് മുമ്പു തന്നെ വടകര എൽ.ജെ.ഡിക്ക് നൽകുമെന്ന് ധാരണയുണ്ടായിരുന്നുവെന്നും സി.പി.എം ഇപ്പോഴത് ലംഘിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം മനയത്ത് ചന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. സി.പി.എം നേതൃത്വം ഇടതുപക്ഷത്തെ കുരുതി കൊടുക്കുകയാണെന്നും പ്രതിഷേധം എങ്ങനെ പ്രകടിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു മനയത്തിന്റെ പ്രതികരണം.
ഇത് സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. എം.പി വീരേന്ദ്രകുമാറിനെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് മനയത്ത് ചന്ദ്രനെതിരായ നടപടി ആലോചിക്കുന്നത്.
വടകര സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ എം.എൽ.എ എം.കെ. പ്രേംനാഥും സഹപ്രവർത്തകരും കഴിഞ്ഞ ദിവസം പാർട്ടി വിടുകയുണ്ടായി. സംസ്ഥാന സെക്രട്ടറി വിജയൻ പാറക്കലും പ്രേംനാഥിനൊപ്പം പാർട്ടി വിട്ടു.
2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പാണ് കോഴിക്കോട് ലോക്‌സഭാ സീറ്റിനെച്ചൊല്ലി വീരേന്ദ്രകുമാർ വിഭാഗം ഇടതുമുന്നണി വിട്ടത്. തുടർന്ന് യു.ഡി.എഫിന്റെ ഭാഗമായ വീരൻ വിഭാഗം 2011-16 യു.ഡി.എഫ് മന്ത്രിസഭയിലുമുണ്ടായി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭാഗമായ വീരൻ വിഭാഗം സ്ഥാനാർഥികൾ മുഴുവൻ തോറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് ജനവിധി നേടിയ വീരേന്ദ്രകുമാറിന്റെ തോൽവി കനത്തതായിരുന്നു. 2014 ലെ തോൽവിയെത്തുടർന്ന് യു.ഡി.എഫുമായി അകന്ന വീരേന്ദ്രകുമാർ ഇടതുമുന്നണിയിലേക്ക് തിരിച്ചുപോകാൻ ശ്രമിച്ചപ്പോഴൊക്കെ എതിർപ്പുയർത്തിയ പ്രധാന നേതാക്കൾ മനയത്ത് ചന്ദ്രനും കെ.പി മോഹനനുമായിരുന്നു. കെ.പി മോഹനൻ മന്ത്രിയും മനയത്ത് ചന്ദ്രൻ ജില്ലാ ബാങ്ക് പ്രസിഡന്റുമായിരുന്നു. ഇവരുടെ എതിർപ്പ് തുടരുന്നതിനിടയിലാണ് എൽ.ജെ.ഡി ഐക്യ ജനാധിപത്യ മുന്നണി വിട്ട് എൽ.ഡി.എഫിലെത്തിയത്.
യു.ഡി.എഫിലിരിക്കെ രാജ്യസഭാംഗമായ വീരേന്ദ്രകുമാർ രാജിവെച്ചിരുന്നുവെങ്കിലും പിന്നീട് ഇടതുമുന്നണി സ്ഥാനാർഥിയായി വീണ്ടും രാജ്യസഭാംഗമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് എൽ.ജെ.ഡിക്ക് യു.ഡി.എഫ് നൽകിയിരുന്നു. വടകര മണ്ഡലം ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ ഉറപ്പു നൽകിയിരുന്നതാണ്.
2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ അട്ടിമറി വിജയം നേടിയതിൽ വീരേന്ദ്രകുമാർ വിഭാഗത്തിനും ആർ.എം.പിക്കും പങ്കുണ്ട്. ഇത്തവണ പി. ജയരാജൻ തന്നെ വടകരയിൽ സ്ഥാനാർഥിയാകുന്നത് വീരൻ വിഭാഗത്തിന്റെ പിന്തുണയും ആർ.എം.പിയുടെ ക്ഷയവും മുന്നിൽ കണ്ടാണ്.
കെ.പി മോഹനൻ നിലപാട് തിരുത്തി പി. ജയരാജനൊപ്പം പ്രചാരണത്തിനിറങ്ങിക്കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് അസംബ്ലി മണ്ഡലം ലഭിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് മോഹനൻ ഇറങ്ങിയതെന്നാണ് മനയത്ത് അനുകൂലികൾ പറയുന്നത്.