Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കിന് പണം നല്‍കുന്നതില്‍ ബിജെപി അനുകൂല പേജുകള്‍ മുന്നില്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഫേസ് ബുക്കിന്റെ രാഷ്ട്രീയ പരസ്യവരുമാനത്തില്‍ എഴുപത് ശതമാനവും നല്‍കുന്നത് ബിജെപിയും കേന്ദ്ര സര്‍ക്കാരുമെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് രണ്ടു വരെയുള്ള സമയത്തെ പരസ്യവരുമാനത്തിന്റെ സ്രോതസുകളെക്കുറിച്ചു ഫേസ്ബുക്ക് തന്നെ പുറത്തു വിട്ട കണക്കുകളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്.
ഫേസ്ബുക്ക് ആഡ് ലൈബ്രറി റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ഈയിടെയാണ്. ഫേസ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും രാഷ്ട്രീയ ബന്ധമുള്ളതും ദേശീയ പ്രാധാന്യമുള്ളതുമായ പരസ്യങ്ങളുടെ വിവരങ്ങളാണിത്. ഫേസ്ബുക്ക് പ്രസിദ്ധീകരിച്ച ഡാറ്റാ ബേസില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത്തരം പരസ്യം പ്രസിദ്ധീകരിച്ച 2,500 പേജുകളുടെ വിവരങ്ങളാണുള്ളത്. പതിനായിരമോ അതില്‍ അധികമോ രൂപ ചെലവഴിച്ച 221 പേജുകളാണുള്ളത്. ഫേസ്ബുക്കിന് ആകെ ലഭിച്ച 3.8 കോടിയില്‍ 2.7 കോടിയും (69.57%) മുടക്കിയത് ബിജെപിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ്. പാര്‍ട്ടി നേരിട്ടു നടത്തുന്ന ബിജെപി നേതാക്കളുടേയും മന്ത്രിമാരുടേയും പ്രചാരണ പേജുകളുടെയും പരസ്യ ചെലവ് 1.5 കോടി രൂപയാണ്. ഫെബ്രുവരിയില്‍ ആരംഭിച്ച ബിജെപി അനുകൂല പേജായ ഭാരത് കെ മന്‍ കി ബാത് മാത്രം ചെലവാക്കിയത് 1.2 കോടിയാണ്.    
    രാഷ്ട്രീയ പരസ്യദാതാക്കളില്‍ മുന്‍ നിരയിലുള്ള പത്ത് പേജുകളില്‍ എട്ടും ബിജെപി ബന്ധമുള്ളവയാണ്. 2.3 കോടി രൂപയാണ് ബിജെപിയുമായി ബന്ധപ്പെട്ട പേജുകള്‍ കഴിഞ്ഞ മാസം മാത്രം ചെലവഴിച്ചത്. പാര്‍ട്ടിയുടെ അടിസ്ഥാനത്തില്‍ പരസ്യദാതാക്കളുടെ ധനവിനിയോഗം പരിശോധിച്ചാല്‍ രണ്ടാം സ്ഥാനത്തുള്ളത് ബിജു ജനതാദള്‍ ആണ്. 8.6 ലക്ഷം രൂപയാണ് ബിജെഡി ചെലവിട്ടത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ചെലവഴിക്കാനായത് 5.6 ലക്ഷം മാത്രം. വൈഎസ്ആര്‍ കോണ്‍ഗ്രസ് (2.8 ലക്ഷം), തെലുങ്കുദേശം പാര്‍ട്ടി (1.9 ലക്ഷം), എഐഡിഎംകെ (32,812) ആം ആദ്മി പാര്‍ട്ടി (26,537), ബഹുജന്‍ സമാജ് പാര്‍ട്ടി (11,478), ശിവസേന (10,000) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഗവണ്‍മെന്റ് പേജുകളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നത് കേന്ദ്ര സര്‍ക്കാരാണ്. മൈഗവ് ഇന്ത്യ എന്ന പേജ് മാത്രം 34 ലക്ഷം രൂപയുടെ പരസ്യം ഒരു മാസത്തിനിടെ ഫേസ്ബുക്കിന് നല്‍കി.  പ്രതിപക്ഷത്തുള്ള പേജുകളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് കര്‍ണാടക സര്‍ക്കാരിന്റെ ഔദ്യോഗിക പേജാണ്. ഏഴ് ലക്ഷത്തില്‍ അധികം രൂപയാണ് എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ ആകെ മുടക്കിയത്. ബിജെപിയുടെ സഖ്യകക്ഷിയായ ബിജെഡിയുടെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് 8.5 ലക്ഷത്തിലധികം രൂപയുടെ സര്‍ക്കാര്‍ ധനം ഔദ്യോഗിക പേജിലെ പരസ്യത്തിന് ചെലവാക്കി. പരസ്യച്ചെലവില്‍ മുമ്പിലുള്ള പത്തു പ്രതിപക്ഷ പേജുകളുടെ എല്ലാം ചേര്‍ത്തുള്ള പരസ്യച്ചെലവ് 21 ലക്ഷം മാത്രമാണ്.
    ഏതെങ്കിലും പാര്‍ട്ടിയുമായി നേരിട്ട് ബന്ധമുള്ളതായി പറയാത്ത എന്നാല്‍ ഒരു പാര്‍ട്ടിയെ മാത്രം നിരന്തരം പിന്തുണയ്ക്കുകയും പരസ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന 126 പേജുകളാണുള്ളത്. ഇതില്‍ 115 പേജുകളും ബിജെപിയെ അനുകൂലിക്കുന്നവയാണ്. 74 ലക്ഷം രൂപയാണ് ഇവയുടെ ആകെ ചെലവ്. ശേഷിക്കുന്നവയില്‍ ആറ് എണ്ണം മാത്രമാണ് കോണ്‍ഗ്രസ് അനുകൂലമായുള്ളത് (രണ്ട് ലക്ഷം). മൂന്ന് പേജുകള്‍ ആം ആദ്മി പാര്‍ട്ടിക്കും (80,505) രണ്ടെണ്ണം തൃണമൂല്‍ കോണ്‍ഗ്രസിനെയും (24,339) പിന്തുണയ്ക്കുന്നവയാണ്. 115 ബിജെപി അനുകൂല പേജുകളില്‍ നേഷന്‍ വിത്ത് നമോ എന്ന പേജ് മാത്രം പരസ്യത്തിനായി ചെലവഴിച്ചത് 64 ലക്ഷത്തില്‍ അധികം രൂപയാണ്.

 

Latest News