ടോക്ക്യോ- ഗണിതം പഠിച്ചും ബോര്‍ഡ് ഗെയിമുകള്‍ കളിച്ചും ജീവിതം ആസ്വദിക്കുന്ന 116 വയസ്സുള്ള ജാപനീസ് മുത്തശ്ശി കെയ്ന്‍ തനാകയെ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായ ഗിന്നസ് വേള്‍ഡ് റേക്കോര്‍ഡ്‌സ് പ്രഖ്യാപിച്ചു. ലോക ചരിത്രത്തില്‍ ആദ്യമായി റൈറ്റ് സഹോദരന്‍മാര്‍ വിമാനം പറത്തിയ വര്‍ഷമായ 1903ലാണ് ഈ ജാപനീസ് മുത്തശ്ശി ജനിച്ചത്. പടിഞ്ഞാറന്‍ ജപാനിലെ ഫുകുവോക്കയിലെ ഒരു നഴ്‌സിങ് ഹോമിലാണ് മുത്തശ്ശി കഴിയുന്നത്. ഗിന്നസ് നേട്ടം ഇവിടെ മുത്തശ്ശി ആഘോഷിച്ചു. ബന്ധുക്കളും നഴ്‌സിങ് ഹോം ജീവനക്കാരും പ്രാദേശിക ഭരണ നേതാക്കളും പങ്കെടുത്ത ആഘോഷച്ചടങ്ങളില്‍ കേക്കു മുറിച്ചും പാട്ടിനൊത്ത് താളം പിടിച്ചുമാണ് തനാക്ക മുത്തശ്ശി ലോക റെക്കോര്‍ഡ് നേട്ടം ആഘോഷിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷമേതായിരുന്നു എന്ന ചോദ്യത്തിന് ഇപ്പോള്‍ എന്നായിരുന്നു അവരുടെ മറുപടി. 1922-ല്‍ വിവാഹിതയായ താനകയ്ക്ക് നാലു മക്കളും ദത്തെടുത്ത മറ്റൊരു കുട്ടിയുമുണ്ട്. ദിവസവും വെളുപ്പിന് ആറു മണിക്ക് എഴുന്നേറ്റ് ദിനചര്യകള്‍ തുടങ്ങുന്ന മുത്തശ്ശി ഗണിതം പഠിച്ചും കയ്യെഴുത്തുകല അഭ്യസിച്ചുമാണ് സമയം നീക്കുന്നത്. ലോകത്ത് ഏറ്റവും പ്രായമേറിയവരുടെ റെക്കോര്‍ഡ് സ്വന്തമാക്കിയവരില്‍ ജപാന്‍കാര്‍ പലരുമുണ്ട്. ലോകത്ത് ആയുര്‍ദൈഘ്യ നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള രാജ്യങ്ങളിലൊന്നാണ് ജപാന്‍.