ലണ്ടന്‍- ഇന്ത്യയിലെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനു മുന്നില്‍ ധര്‍ണയ്‌ക്കെത്തിയ ഖലിസ്ഥാന്‍ അനുകൂലികളും ഇവര്‍ക്കെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ മോഡി അനുകൂലികളായ ബ്രിട്ടീഷ് ഇന്ത്യക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ അടക്കമുള്ള സംഘടനകളാണ് എതിര്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യോമാക്രമണത്തിനും ശേഷം ലണ്ടനില്‍ നടന്നു വരുന്ന പാക്കിസ്ഥാന്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി ഒത്തു ചേര്‍ന്ന ബ്രിട്ടീഷ് ഇന്ത്യക്കാരെയാണ് ഖലിസ്ഥാനി അനുകൂലികള്‍ മര്‍ദിച്ചതെന്നും റിപോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ തുടര്‍ നടപടികളൊന്നുമില്ലാതെ ഇദ്ദേഹത്തെ വിട്ടയച്ചുവെന്നും മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഏറ്റുമുട്ടലിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനം ആക്രമാസക്തമായതിന് ഇരു വിഭാഗവും പരസ്പരം പഴിചാരുകയാണ്.