കാസര്‍കോട്- പെരിയ കല്യോട്ട് നടന്ന ഇരട്ടക്കൊലക്കു പിന്നാലെയുണ്ടായ വ്യാപകമായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് നിരപരാധികളെ പോലീസ് വേട്ടയാടുന്നുവെന്നും സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു സ്ത്രീകള്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കല്യോട്ടെ അമ്മമാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നതോടെ ജാമ്യം കിട്ടാത്ത മൂന്ന് കേസുകളില്‍ ഉള്‍പ്പെടുത്തി ജയിലിലടക്കുകയെന്ന ഉദ്ദേശ്യത്തോടെ പിടിച്ചു കൊണ്ടുവന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നോട്ടീസ് മാത്രം നല്‍കി വിട്ടയച്ചു.
സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് പോലും ഉണ്ടാകാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദാമോദരന്‍ മാവിലങ്കൈയെ ആണ് സ്ത്രീകളുടെ ഇടപെടല്‍ കാരണം കാഞ്ഞങ്ങാട് ഡിവൈഎസ്പി സജീവന്‍ ഇടപെട്ടു മോചിപ്പിച്ചത്. ദാമോദരനെ തീവെപ്പും അക്രമവും ഉള്‍പ്പെടെ മൂന്ന് കേസുകകളില്‍ ഉള്‍പ്പെടുത്തുന്നതിന് ബേക്കല്‍ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് വരെ എഴുതി വെച്ചിരുന്നു. സ്ത്രീകള്‍ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തുകയും സമരം ചെയ്യുകയും ചെയ്തതോടെ സംഭവം അറിഞ്ഞു ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎസ്പി സജീവനുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുകയും തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനാലാണ് നോട്ടീസ് നല്‍കി ദാമോദരനെ വിട്ടയച്ചത്.
ഇരട്ടക്കൊലപാതകം നടന്ന പെരിയ, കല്യോട്ട് ഭാഗങ്ങളില്‍ ബേക്കല്‍ പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയാണ് ഇന്നലെ ഉച്ചയോടെ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. കല്യോട്ടെ ദാമോദരന്‍ മാവിലങ്കൈ, പെരിയ സര്‍വീസ് സഹകരണ ബാങ്കിലെ രാജന്‍ ആയംപാറ, പി.കെ ബേബി കുര്യന്‍ എന്നിവരെയാണ് ബേക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പെടാത്തവരാണെന്ന് ആരോപിച്ചാണ് അവരെയും കൊണ്ടുവന്ന പൊലീസ് വാഹനത്തിന് പിന്നാലെ നൂറോളം സ്ത്രീകള്‍ സംഘടിച്ചു പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുവീടുകളിലും കല്ല്യോട്ട് കൂരാങ്കരയില്‍ ഒറ്റക്ക് താമസിക്കുന്ന വിധവയായ നാരായണിയുടെ വീട്ടില്‍ പൊലീസ് വേഷം ധരിക്കാതെ മഫ്റ്റിയില്‍ പൊലീസുകാര്‍ കയറുകയും ചെയ്തതോടെയാണ് സ്ത്രീകള്‍ രോഷാകുലരായത്. വനിതാ പോലീസുകാര്‍ ഇല്ലാതെ സ്ത്രീകള്‍ മാത്രം കഴിയുന്ന വീടുകളില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ചുവെന്നാണ് ആരോപണം.
മൂന്ന് പേര്‍ വീട്ടില്‍ ചാടിക്കയറിയതോടെ നാരായണി ഭയന്ന് വിറച്ചു പുറത്തേക്ക് ഓടുന്നത് കണ്ടാണ് സ്ത്രീകള്‍ സംഘടിച്ചത്. പിന്നീടാണ് വീട്ടില്‍ കയറിയത് പോലീസുകാരാണ് എന്നുപോലും അറിയുന്നത്. വനിതാ പോലീസുകാര്‍ ഇല്ലാതെ വീട്ടില്‍ അതിക്രമിച്ചു കയറി പരാക്രമം കാണിച്ചതിന് നാരായണി കൂരാങ്കര നല്‍കിയ പരാതിയും ബേക്കല്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്തു. ഇതും അന്വേഷിക്കാമെന്ന് ഡിവൈഎസ്പി ഉറപ്പ് നല്‍കി. അക്രമത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പകരം നിരപരാധികളെ പിടിച്ചു കൊണ്ടുവന്ന് മൂന്നും നാലും കേസുകളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടക്കാനാണ് പോലീസ് നീക്കമെന്ന് ഡിസിസി നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയെല്ലാം ജയിലിലാക്കാനാണ് ഇപ്പോഴത്തെ റെയ്ഡെന്ന് പരാതിയുണ്ടായി.
മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന സ്ത്രീകളുടെ പോലീസ് സ്റ്റേഷനിലെ ഉപരോധം ഡിസിസി നേതാക്കള്‍ ഡിവൈഎസ്പിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം അഞ്ചു മണിയോടെയാണ് അവസാനിപ്പിച്ചത്. ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സാജിദ് മൗവ്വല്‍, അഡ്വ. ബാബുരാജ് കല്ല്യോട്ട്, ബേബി അഗസ്റ്റിന്‍, അന്‍വര്‍ മാങ്ങാട്, സുകുമാരന്‍ പൂച്ചക്കാട്, ധന്യ സുരേഷ്, ഗീതാകൃഷ്ണന്‍ എന്നിവര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിയമവിരുദ്ധമായി കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തന്നതായ പരാതികളും പരിശോധിക്കാമെന്ന് പൊലീസ് ഓഫീസര്‍മാര്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് സ്ത്രീകള്‍ സ്റ്റേഷനില്‍ നിന്ന് പിരിഞ്ഞുപോയത്. പെരിയ, കല്യോട്ട് എന്നിവിടങ്ങളിലെ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തു ഇന്നലെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി