പ്രൈംടൈം ഇത്തിക്കണ്ണികളെ കുറിച്ചാണ് മുതിർന്ന മാധ്യമ പ്രവർത്തകനും ആദ്യ ഉപഗ്രഹ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനുമായ ശശികുമാർ സംസാരിച്ചത്. ദേശീയ, പ്രാദേശിക ഭേദമില്ലാതെ സായാഹ്നങ്ങളിൽ ടെലിവിഷൻ ചാനലുകളിലിരുന്ന് കോലാഹലമുണ്ടാക്കുന്നവർ. ജനങ്ങളെ ഭിന്നിപ്പിക്കുക, വിഭജിക്കുക, രാജ്യത്തിനുള്ളിൽ തന്നെ സംശയമുണ്ടാക്കുക എന്നൊക്കെയുള്ള പ്രവൃത്തികളാണ് ഇവർ
ചെയ്യുന്നത്. 'നിങ്ങൾ ഞങ്ങളുടെ കൂടെയില്ല എങ്കിൽ നിങ്ങൾ ഞങ്ങൾക്ക് എതിരാണ്' എന്നതാണ് അവരുടെ സംസാരം. നമ്മുടെ ജനങ്ങളെ പല തരത്തിൽ മുദ്ര കുത്തുന്ന, പുറംതള്ളുന്ന, അന്യവത്കരിക്കുന്ന നറേറ്റിവ് ആണിത്. അവർ പലപ്പോഴും ഇതിനായി ആശ്രയിക്കുന്നത് വ്യാജ വാർത്തകളെയാണ്. ദേശീയതയെ അപ്രോപ്രിയേറ്റ് ചെയ്ത് അത് മതങ്ങൾക്ക് നൽകുകയാണ് അവർ ചെയ്യുന്നത്.
തങ്ങൾക്ക് അറിയാവുന്ന വിധം ഏറ്റവും മികച്ച രീതിയിൽ നമ്മളെ വിഭജിക്കാനാണ് അവർ നോക്കുന്നത്. ഒന്നിച്ച് നിൽക്കാൻ ശ്രമിക്കുന്ന രാജ്യത്തെ വിഭജിക്കാൻ നോക്കുന്ന അവർ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും ചിയർ ലീഡേഴ്സ് ആണ്. ഇത്തരത്തിൽ ജനവികാരം ഇളക്കിവിടുന്ന ദേശീയതയ്ക്ക് രാജ്യതാൽപര്യവുമായി ഒന്നും ചെയ്യാനില്ല. മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ഇല്ലാതാക്കുന്ന പ്രവൃത്തി കൂടിയാണിത്. നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിർത്തിക്ക് അപ്പുറത്തുള്ള ശത്രുക്കളോട് മാത്രമല്ല. അകത്തിരുന്ന് വെറുപ്പിന്റെ രാഷ്ട്രീയം വിൽക്കുന്നവരോടും അവർ ദിവസേന തരുന്ന വിഷത്തെ കുറിച്ചും നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അസാധാരണമായൊരു സാഹചര്യമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ഒരു വശത്ത് പാക്കിസ്ഥാൻ വളർത്തി വലുതാക്കിയ ഭീകരവാദം. അതിന്റെ ഫലമായുള്ള അതിരു കടന്നുള്ള ആക്രമണം. നമുക്ക് നേരെ നടന്ന നിഴൽ യുദ്ധത്തിന് പകരമായാണ് സൈന്യം തിരിച്ചടിച്ചത്. നമ്മൾ സുരക്ഷിതരാകണം എന്നാണ് സൈന്യത്തിന്റെ ആവശ്യം. വൈവിധ്യങ്ങളെല്ലാം ചേരുന്ന നമ്മുടെ ജനാധിപത്യ പാരമ്പര്യത്തെ സംരക്ഷിക്കാനാണ് അവർ തിരിച്ചടിച്ചത്.
മുഖ്യധാരാ ടി.വി ചാനലുകളിലെ ചർച്ച പലതും സൈന്യത്തിന്റെ നല്ല ലക്ഷ്യത്തോടെയുള്ള പോരാട്ടത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്. രാജ്യം ഒരുമിച്ച് നിൽക്കുമ്പോൾ ടി ആർ പി റേറ്റിനപ്പുറം ഒന്നും ചിന്തിക്കാത്ത ഇത്തിക്കണ്ണികളാണ് ചർച്ച നയിക്കുന്നവർ. രാജ്യവും രാജ്യത്തിന്റെ ഒരുമയുമല്ല, സാമ്പത്തിക താൽപര്യങ്ങളും പരസ്യവും ലാഭവും മാത്രമാണ് ഇവർ ചിന്തിക്കുന്നത്. രാജ്യത്തിനു നേരെ വരുന്ന വെല്ലുവിളികളിൽ നിന്ന് ലാഭം നേടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ചാനലുകൾ ചെയ്യുന്ന ദ്രോഹത്തെ കുറിച്ചുള്ള ഏറ്റവും മികച്ച വിലയിരുത്തലാണിത്.
*** *** ***
ഗോമൂത്രത്തിന്റെ ഗുണഗണങ്ങൾ വാഴ്ത്തിയും അവ ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾക്ക് പ്രാധാന്യം കൊടുത്തും ബിജെപിയും കേന്ദ്ര സർക്കാരും വലിയ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇപ്പോഴിതാ മനുഷ്യ മൂത്രവും നഷ്ടപ്പെടുത്തരുതെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരിക്കുകയാണ്.
എല്ലാ പൗരന്മാരുടേയും മൂത്രം ശേഖരിച്ച് അതിൽ നിന്ന് കീടനാശിനി ഉണ്ടാക്കണമെന്നാണ് നിതിൻ ഗഡ്കരി ആഹ്വാനം ചെയ്യുന്നത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഇന്ത്യക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് കീടനാശിനി ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ യംഗ് ഇന്നവേറ്റേഴ്സ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. വിവിധ ഭാഷകളിൽ ചാനലുകളുള്ള സിടിവി ചൂടാറാതെ ഈ വാർത്ത കാണികളിലെത്തിച്ചു. പ്രമേഹ രോഗികളുടേത് ശേഖരിച്ചാൽ പഞ്ചസാര ഉൽപാദനത്തിന് പുത്തൻ സാധ്യതകൾ തെളിയില്ലെന്ന് ആർക്കറിയാം?
*** *** ***
ദൃശ്യമാധ്യമങ്ങൾ തെരഞ്ഞെടുപ്പ് പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ആവേശം കൂടുമ്പോൾ സംഘർഷത്തിൽ കലാശിക്കുകയെന്നതും പതിവാണ്. കഴിഞ്ഞ ദിവസം
ചെന്നൈയിൽ മാതൃഭൂമി നടത്തിയ ചർച്ചയ്ക്കിടെ അക്രമമുണ്ടായി. ചർച്ചയ്ക്കിടെ ഗാന്ധിയെ കൊന്നത് ആർഎസ്എസ് ആണെന്ന് പറഞ്ഞ യുവതിക്ക് നേരെയാണ് ഭീഷണിയും കൈയേറ്റവുമുണ്ടായത്. യുവതിക്ക് നേരെ ഒരു കൂട്ടർ ആക്രോശിക്കുന്നതും കസേരയെടുത്ത് എറിയുന്നതും വീഡിയോയിലുണ്ട്. ബഹളം കൂടിയതോടെ ചാനൽ അവതാരകൻ പരിപാടി എളുപ്പം അവസാനിപ്പിച്ചു. മാതൃഭൂമി സംഘടിപ്പിച്ച പടയോട്ടം എന്ന പരിപാടിയ്ക്കിടെയായിരുന്നു സംഘപരിവാർ പ്രവർത്തകർ യുവതിക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയത്. മഞ്ജുഷ് ഗോപാൽ ആയിരുന്നു ചർച്ച നിയന്ത്രിച്ചിരുന്നത്. സിപിഎം പ്രതിനിധി നടത്തിയ പരാമർശം ഏറ്റുപിടിച്ചായിരുന്നു യുവതി സംസാരിച്ചത്. പ്രവർത്തകർ കസേരയെടുത്ത് യുവതിക്ക് നേരെ എറിഞ്ഞു. എല്ലാവർക്കും നന്ദി പറഞ്ഞ് മാതൃഭൂമി പെട്ടെന്ന് പരിപാടി അവസാനിപ്പിക്കുകയായിരുന്നു. ഇത് തെക്കേ ഇന്ത്യയിലെ മാത്രം കാര്യമല്ല.
എബിപി ചാനലിന്റെ ലൈവ് ചർച്ചയ്ക്കിടെ കോൺഗ്രസ് പ്രതിനിധിക്കെതിരെ ബിജെപി നേതാവ് സെക്സിസ്റ്റ് പരാമർശം നടത്തി. ബിജെപി നേതാവിന്റെ വിടുവായത്തം സഹിക്ക വയ്യാതെ ചാനൽ അവതാരക നേതാവിനോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ കോൺഗ്രസ് വക്താവ് റോഹൻ ഗുപ്തയ്ക്കെതിരെയാണ്
സെക്സിസ്റ്റ് പരാമർശം നടത്തിയത്. ഭാട്ടിയയുടെ പരാമർശത്തിനെതിരെ അവതാരക റുബിക ലിയാഖത് രൂക്ഷമായി പ്രതികരിച്ചു. തന്റെ വാദം കേട്ട് കോൺഗ്രസ് വക്താവ് റോഹൻ ഗുപ്ത വിറച്ചു ഭയന്നു പോയെന്നും അതുകൊണ്ട് ഒരു പെറ്റിക്കോട്ട് ധരിച്ചു വരൂവെന്നുമായിരുന്നു റോഹനോട് ഭാട്ടിയ പറഞ്ഞത്. ഭാട്ടിയയുടെ പരാമർശത്തിനെതിരെ ഉടൻ തന്നെ
റുബിയ പ്രതികരിച്ചു. ഇത്തരം നാടകങ്ങൾ തന്റെ ഷോയിൽ അനുവദിക്കാൻ കഴിയില്ലെന്ന് റുബിയ വ്യക്തമാക്കി.
*** *** ***
ഹിന്ദു ഉണരണം, എന്നാലേ രക്ഷയുള്ളൂ എന്നുള്ള പ്രചാരണം കുറച്ചു കാലമായി കേൾക്കാനുണ്ട്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും അങ്ങനെ വെവ്വേറെ ഉണരില്ലെന്ന് തീരുമാനിച്ചവരാണ് നാട്ടുകാർ. അതാണല്ലോ ഇന്ത്യൻ സംസ്കാരം. ഹിന്ദു ഉണർന്നാൽ രാവിലെ പല്ല് തേക്കും, ചായ കുടിക്കും, പത്രം വായിക്കും എന്നൊക്കെ മറുപടി നൽകിയവരാണ് സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കൾ. ഹിന്ദു ഉണരൂ എന്ന് ആവർത്തിക്കുന്നത് കേട്ട് ചെന്നൈ മൗണ്ട് റോഡിലെ 'ദ ഹിന്ദു' സടകുടഞ്ഞെഴുന്നേറ്റു. പത്രത്തെ നയിക്കുന്ന എൻ. റാമും കൂടെ ഉണർന്നു. ദൽഹിയിലെ സിംഹാസനങ്ങൾ വിറച്ചു. പരമോന്നത നീതിപീഠത്തിൽ വരെ പ്രകമ്പനങ്ങളുണ്ടായി. ഇതു സംബന്ധിച്ച് മാതൃഭൂമിയുടെ ചെന്നൈ ലേഖകൻ ഉൾപ്പെടെയുള്ളവർ
തയാറാക്കിയ അഭിമുഖം ശ്രദ്ധേയമായി. റഫാൽ ഇടപാടിലെ രഹസ്യ രേഖകൾ പ്രതിരോധ മന്ത്രലായത്തിൽ നിന്ന് കാണാതായതാണ് വിഷയം. എല്ലാ കുഴപ്പങ്ങൾക്കും ഉത്തരവാദിയായ
നെഹ്റുവാണ് ഇതിന് പിന്നിലുമെന്നാണ് ട്രോളന്മാരുടെ അഭിപ്രായം.
*** *** ***
ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ താരമായ ആളാണ് പ്രിയാ വാര്യർ.
ചിത്രീകരണം തുടങ്ങിയപ്പോൾ ജൂനിയർ ആർട്ടിസ്റ്റായിരുന്നു പ്രിയ. കണ്ണിറുക്കൽ ജനം ശ്രദ്ധിച്ചതോടെ സൈബർ ലോകത്തെ താരമായി പ്രിയ. നിർമാതാവിന്റെ താൽപര്യ പ്രകാരം പ്രിയയ്ക്ക് പ്രാധാന്യം കൂട്ടിയപ്പോൾ നായിക നൂറിൻ ഉപനായികയായി. ഷൂട്ടിംഗ് നീളാനും ഇത് കാരണമായി. തിരക്കഥ തിരുത്തിയത് സംവിധായകന് ഒട്ടും രസിച്ചിരുന്നില്ല. നായികയാവേണ്ടിയിരുന്ന നൂറിൻ ഉപനായിക മാത്രമായി. അതുകൊണ്ടുതന്നെ നൂറിനും പ്രിയാ വാര്യരും തമ്മിൽ അത്ര രസത്തിലല്ല എന്നാണ് സംസാരം. കൈരളി ടി.വിയിൽ ജോൺ ബ്രിട്ടാസ് നയിക്കുന്ന ജെബി ജംഗ്ഷനെന്ന ചാറ്റ് ഷോയിൽ പ്രിയയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താൽപര്യമില്ലെന്ന മട്ടിലാണ് നൂറിൻ പ്രതികരിച്ചത്. പ്രിയാ വാര്യരെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ അൽപസമയത്തെ നിശ്ശബ്ദതയ്ക്ക് ശേഷം നൂറിൻ അടുത്ത ചോദ്യത്തിലേക്ക് പോകാം എന്ന് പറഞ്ഞു.
*** *** ***
ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ കശ്മീരിലെ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം ഏർപ്പെടുത്തി. ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നുവെന്നാണ് സംഘടനയ്ക്ക് എതിരെ ഉയർന്ന ആരോപണം.
ഇതിന് പിന്നാലെയാണ് റിപ്പബ്ലിക് ചാനൽ വ്യാജ വാർത്തയും ഫോട്ടോയുമായി രംഗത്തെത്തിയത്. ജമ്മു കശ്മീർ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രം നിരോധിച്ച വാർത്തയിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ പ്രസിഡന്റിന്റെ ചിത്രം ഉപയോഗിച്ചായിരുന്നു വാർത്ത. പ്രതിഷേധം ഉയർന്നതോടെ മാപ്പ് പറഞ്ഞ് തടിയൂരുകയാണ് ചാനൽ ചെയ്തത്.
ഉമരിയുടെ ചിത്രം ഉപയോഗിച്ചത് വീഡിയോ എഡിറ്റർക്ക് പറ്റിയ പിഴവാണ്. തെറ്റ് ശ്രദ്ധയിൽ പെട്ട പിന്നാലെ അത് തിരുത്തിയെന്നും ട്വിറ്റിലൂടെ ചാനൽ വ്യക്തമാക്കി. വിവാദ വീഡിയോയും നീക്കം ചെയ്തതായി ചാനൽ അറിയിച്ചു. ജയ്ശെ മുഹമ്മദ് ഭീകര കേന്ദ്രങ്ങൾ എന്ന പേരിൽ നൽകിയ വാർത്തയുടെ വീഡിയോ ഫൂട്ടേജിൽ പുണ്യ കേന്ദ്രങ്ങളുടെ ഫോട്ടോ ഉപയോഗിച്ച സിഎൻഎൻന്യൂസ് 18 ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
*** *** ***
മാതൃഭൂമി ഷി ന്യൂസ് ഞായറാഴ്ചകളിൽ അവധിയാണ്. അതിന്റെ കുഴപ്പം തിങ്കളാഴ്ച സംപ്രേഷണം ചെയ്ത വാർത്തകളിൽ കാണാനുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദൻ വർത്തമാനൊപ്പം വാഗാ അതിർത്തി വരെ പാക് ഡോക്ടർ ഫാറിഹ ബുഗ്തി ഉണ്ടായിരുന്നുവെന്നത് വെള്ളിയാഴ്ച മുതലേ എല്ലാവരും അറിഞ്ഞു. ശനിയാഴ്ചയിലെ പത്രങ്ങളിലും ഇതിന്റെ വിശദ വാർത്തകളുണ്ടായി. ഇതെല്ലാം കഴിഞ്ഞ് തിങ്കളാഴ്ചയിലെ ഷി ന്യൂസിന്റെ അര മണിക്കൂറിൽ ഇതുൾപ്പെടെ പഴയ വാർത്തകളായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിലെ സംവാദത്തിൽ സി.പി.ഐ നേതാവ് സി. ദിവാകരൻ കോൺഗ്രസിലെ എതിരാളി അജയ് തറയിലിനെ കണക്കിന് പെരുമാറുന്നു. അന്ന് നിങ്ങൾക്ക് ഭരണമുണ്ടായിരുന്നു. പട്ടാളത്തെ ഇറക്കിയല്ലേ ഞങ്ങടെ സമരം പൊളിക്കാൻ നോക്കിയത്. ഇപ്പോൾ നിങ്ങടെ സൂത്രങ്ങളൊന്നും നടക്കില്ല. ആൺപിള്ളേരാണ് ഭരിക്കുന്നത്. അമിത് ഷായെ പോലുള്ള ആൺ പിള്ളേർ. ദിവാകരനെ പോലുള്ളവർക്ക് അമിത് ഷായൊക്കെ ആൺ പിള്ളേരാവുന്ന കാലമാണെന്നായിരുന്നു അവതാരക സിന്ധു സൂര്യ കുമാറിന്റെ കമന്റ്.
ബാലികാ വനവാസ കാണ്ഡം കഴിഞ്ഞ് ഇമാം ഷെഫീഖിനെ തമിഴുനാട്ടിലെ മധുരയിൽ നിന്ന് പോലീസ് പൊക്കി. ഒരു മാസമാണ് മൗലവി പല സ്ഥലത്തായി ഒളിവിൽ കഴിഞ്ഞത്. ഫ്രീക്കനായി ഷെഫീഖ് മാറിയെന്ന് വ്യാഴാഴ്ച രാത്രി ബുള്ളറ്റിനിൽ മീഡിയാ വണ്ണിൽ ന്യൂസ് റീഡർ വായിച്ച സചിത്ര വാർത്ത. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജെന്റ്സ് ബ്യൂട്ടി പാർലറുകൾ കൂണ് പോലെ മുളച്ചു പൊന്തുന്നത് വെറുതെയല്ല.