ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പതിച്ച ബിജെപിയുടെ പോസ്റ്ററില്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. മുന്‍ നാവികസേനാ മേധാവി എല്‍. രാംദാസ് ഇതുസംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സൈനികരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തി വോട്ടര്‍മാരെ സ്വാധിക്കാന്‍ ശ്രമിക്കുകയാണ്. സൈന്യത്തിന്റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും മുന്‍ നാവികസേനാ മേധാവി പരാതിയില്‍ പറഞ്ഞിരുന്നു.