ഗ്രെയ്റ്റര്‍ നോയ്ഡ- പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഭീകര കേന്ദ്രം തകര്‍ത്തതിന് തെളിവു ചോദിക്കുന്നവരെ കണക്കറ്റു വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുംബൈ ഭീകരാക്രമണത്തെ കോണ്‍ഗ്രസ് കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച മോഡി ഇന്ത്യ ഇപ്പോള്‍ പിന്തുടരുന്നത് പുതിയ രീതിയും പുതിയ നയങ്ങളുമാണെന്നും പറഞ്ഞു. ഗ്രെയ്റ്റര്‍ നോയ്ഡയില്‍ ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മോഡി. 2016-ല്‍ ജമ്മുകശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷമാണ് ഇന്ത്യ ആദ്യമായി മിന്നലാക്രമണത്തിലൂടെ ഭീകരര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ അവരെ ഒരു പാഠം പഠിപ്പിച്ചത്- മോഡി പറഞ്ഞു.
ഉറി ആക്രമണത്തിനു ശേഷവും തെളിവുകള്‍ ചോദിച്ചിരുന്നു. മുമ്പൊരിക്കലും സംഭവിക്കാത്തതാണ് നമ്മുടെ സൈന്യം ചെയ്തു കാണിച്ചത്. ഭീകരരും അവരുടെ സംരക്ഷകരും ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കല്‍ മിന്നലാക്രമണം നടത്തിയാല്‍ ഇന്ത്യ ഇനിയൊരിക്കലും മറ്റൊരു മിന്നലാക്രമണം നടത്തില്ലെന്നാണ് അവര്‍ കരുതിയത്. ഇതു കണക്കൂകൂട്ടി അവര്‍ അതിര്‍ത്തിയില്‍ സേനയെ വിന്യസിച്ചു. എന്നാല്‍ ഇത്തവണ നാം ആകാശത്തിലൂടെയാണ് മിന്നലാക്രമണം നടത്തിയത്- മോഡി പറഞ്ഞു.
ഫെബ്രുവരി 24-ന് നേരം പുലരുന്നതിന് തൊട്ടുമുമ്പായി വ്യോമാക്രമണം നടത്തിയ ശേഷം ഇന്ത്യ മൗനമായി സാഹചര്യങ്ങള്‍ നീരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ 'മോഡി ഞങ്ങളെ അടിച്ചേ' എന്ന നിലവിളിയുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്- മോഡി പറഞ്ഞു.
മുറിവേല്‍പ്പിച്ചു കൊണ്ടിരുന്നാലും പ്രതിയുദ്ധം തുടര്‍ന്നാലും ഇന്ത്യ പ്രതികരിക്കില്ലെന്നാണ് അവര്‍ കരുതിയത്. 2014നു മുമ്പുണ്ടായിരുന്ന സര്‍ക്കാരിന്റെ സമീപനം ഇതായിരുന്നു. അതുകൊണ്ടാണ് ശത്രുക്കളും ഇങ്ങനെ ചിന്തിച്ചത്. ഒന്നും ചെയ്യാത്ത ഒരു സര്‍ക്കാരിനെയാണ് വേണ്ടത്? ഉറങ്ങുന്ന കാവല്‍ക്കാരനെയാണോ വേണ്ടത്? മോഡി സദസ്സിനോട് ചോദിച്ചു.