പട്‌ന- പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഹാറില്‍ കോണ്‍ഗ്രസിന് തിരച്ചടിയായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും വക്താവുമായ ബിനോദ് ശര്‍മ രാജിവെച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.
വ്യോമാക്രമണത്തിന്റെ തെളിവു ചോദിക്കുക വഴി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടേയും പൊതു ജനങ്ങളുടേയും വികാരത്തെ പാര്‍ട്ടി ഹൈക്കമാന്‍ഡ് വ്രണപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ ബിനോദ് ശര്‍മ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം അറിയിച്ച് കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധിക്ക് നിരവധി തവണ എഴുതിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യാമാക്രമണത്തിന്റെ തെളിവുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് നാണക്കേടും കുട്ടിത്തവുമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. 30 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിനുശേഷം വേദനയോടെയാണ് വിടവാങ്ങുന്നതെന്നും സൈന്യത്തിന്റെ മനോവീര്യം തകര്‍ത്ത കോണ്‍ഗ്രസ് ഭീകരര്‍ക്ക് പ്രോത്സാഹനം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നീ നേതാക്കള്‍ കാണിച്ച വഴിയിലൂടെയല്ല ചില കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാക്കിസ്ഥാനി ഏജന്റുമാരായാണ് ജനങ്ങള്‍ കാണുന്നത്. കോണ്‍ഗ്രസുകാരനെന്ന് വിളിക്കുന്നതില്‍ ലജ്ജിക്കുന്നു. രാഷ്ട്രം പാര്‍ട്ടിയേക്കള്‍ മുകളിലാണെന്ന് കരുതുന്നതിനാലാണ് രാജിവെക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
പാര്‍ട്ടി നയങ്ങളില്‍ നിരാശരായ ധാരാളം പ്രവര്‍ത്തകര്‍ തന്റെ പാത പിന്തുടരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. രാഷ്ട്രീയത്തിനുമുകളില്‍ ദേശത്തെ കാണുന്ന പാര്‍ട്ടിയില്‍ താന്‍ ചേരുമെന്നും പാര്‍ട്ടിയുടെ പേരു വെളിപ്പെടുത്താതെ അദ്ദേഹം പറഞ്ഞു. ബിഹാര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശര്‍മ 1996 ല്‍ പാലിഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റിരുന്നു. 1996 മുതല്‍ 2000 വരെ എന്‍.എസ്.യു.ഐ ബിഹാര്‍ ഘടകം പ്രസിഡന്റായിരുന്നു.