ഹാവേരി- പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘടന ജയ്‌ശെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ച് പാക്കിസ്ഥാനു കൈമാറിയത് ബിജെപി സര്‍ക്കാരാണെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തോട് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ഹാവേരിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'മോഡിജിയോട് എനിക്ക് ചെറിയൊരു ചോദ്യമുണ്ട്. ആരാണ് സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നത്? ജെയ്‌ശെ മുഹമ്മദ് തലവന്റെ പേര് എന്താണ്? മസൂദ് അസ്ഹര്‍ അല്ലെ. സിആര്‍പിഎഫ് ജവാന്‍മാരെ കൊലപ്പെടുത്തിയ ആളെ ജയിലില്‍ നിന്നറക്കി പാക്കിസ്ഥാനിലേക്ക് അയച്ചത് ബിജെപി സര്‍ക്കാരാണെന്ന് എന്തു കൊണ്ടാണ് താങ്കള്‍ പറയാത്തത്? മോഡിജീ... ഞങ്ങള്‍ താങ്കളെ പോലെയല്ല. ഭീകരതയ്ക്കു മുമ്പില്‍ കുനിയില്ല. മസൂദ് അസ്ഹറിനെ വിട്ടയച്ചത് ആരാണെന്ന് ഇന്ത്യയിലെ ജനങ്ങളോട് വിളിച്ചു പറയു...' രാഹുല്‍ പറഞ്ഞു.
1999-ല്‍ താലിബാന്‍ ഭീകരര്‍ റാഞ്ചിയ എയര്‍ ഇന്ത്യ വിമാനത്തേയും യാത്രക്കാരേയും മോചിപ്പിക്കുന്നതിന് പകരമായാണ് ഇന്ത്യയിലെ അന്നത്തെ ബിജെപി സര്‍ക്കാര്‍ മസൂദ് അടക്കമുള്ള ഭീകരരെ പാക്കിസ്ഥാനു കൈമാറിയത്.