ന്യൂദല്‍ഹി: കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ മെഹുല്‍ ചോക്‌സി അമേരിക്കയിലും വന്‍ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. യഥാര്‍ത്ഥ വജ്രമെന്ന പേരില്‍ കൃത്രിമ വജ്രം വിറ്റാണ് തട്ടിപ്പ് നടത്തിയത്.
അമേരിക്കയില്‍ മെഹുല്‍ ചോക്‌സി നടത്തുന്ന വജ്രവ്യാപാര സ്ഥാപനമായ സാമുവേല്‍ ജുവലേഴ്‌സിലാണ് വന്‍തട്ടിപ്പ് നടത്തിയിരിക്കുന്നത്. ചോക്‌സിയുടെ നിയന്ത്രണത്തിലുള്ള ബ്രിട്ടനിലെ ബി വി ഐ എന്ന സ്ഥാപനത്തില്‍ നിന്നും കൃത്രിമവജ്രങ്ങള്‍ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
പിഎന്‍ബി തട്ടിപ്പിലെ മുഖ്യ സൂത്രധാരനും, നീരവ് മോഡിയുടെ അടുത്ത ബന്ധുവുമാണ് മെഹുല്‍ ചോക്‌സി. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളില്‍ ഒന്നായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത്. തട്ടിപ്പിന് ശേഷം നാടുവിട്ട നീരവ് മോഡി ഇപ്പോള്‍ ലണ്ടനില്‍ ഒളിവില്‍ അടിച്ച് പൊളിച്ച് കഴിയുകയാണ്.