ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞങ്ങളുടെ ഡാഡിയാണെന്ന് തമിഴ്‌നാട് ക്ഷീര വികസന വകുപ്പ് മന്ത്രിയും എ.ഐ.എഡി.എം.കെ. നേതാവുമായ കെ.ടി.രാജേന്ദ്ര ബാലാജി. മാത്രമല്ല അണ്ണാ ഡിഎംകെയെ പിതാവിനെ പോലെ വഴികാട്ടുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ അദ്ദേഹം ഞങ്ങള്‍ക്ക് ഡാഡിയാണെന്നും രാജേന്ദ്ര ബാലാജി പറഞ്ഞു. വിരുതുനഗറിലെ പാര്‍ട്ടി യോഗത്തിന് ശേഷം മധ്യമങ്ങളോട് സംസാരിക്കവെയാണ് മോഡിയെ പുകഴ്ത്തി മന്ത്രി രംഗത്തെത്തിയത്.
ഞങ്ങളുടെ അമ്മയായ ജയലളിത പോയതില്‍ പിന്നെ മോഡിയാണ് ഞങ്ങളുടെ പിതാവ്. അണ്ണാ ഡിഎംകെയ്ക്കു മാത്രമല്ല, രാജ്യത്തിനു മുഴുവന്‍ അദ്ദേഹം ഡാഡിയാണെന്നും അത് കൊണ്ടുതന്നെ ഞങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നുവെന്നും രാജേന്ദിര ബാലാജി പറഞ്ഞു.
തമിഴ്‌നാട്ടില്‍ ബിജെപിഅണ്ണാ ഡിഎംകെ സഖ്യം അടുത്തിടെയാണ് നിലവില്‍ വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തമിഴ്‌നാട്ടിലെ അഞ്ച് സീറ്റുകള്‍ നല്‍കാമെന്നാണ് അണ്ണാ ഡിഎംകെ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം ശക്തിപ്പെടുത്തുമെന്നും ഒന്നിച്ച് മത്സരിക്കുമെന്നും ബാലാജി പറഞ്ഞു.