Sorry, you need to enable JavaScript to visit this website.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം കരുത്തില്‍ പൊരുതും- ജ്യോതിരാദിത്യ


എസ്.പി-ബി.എസ്.പി സഖ്യത്തെ ആദരിക്കുന്നു, എല്ലാവര്‍ക്കും ഒരേ ലക്ഷ്യം


ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം കരുത്തില്‍ മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ യു.പി ഘടകത്തിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എസ്.പിയില്‍നിന്നും ബി.എസ്.പിയില്‍നിന്നും വേറിട്ട വഴിയാണ് പാര്‍ട്ടി സ്വീകരിക്കുകയെങ്കിലും എല്ലാവരുടേയും ലക്ഷ്യം ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. സമാന ചിന്താഗതിയുള്ള പാര്‍ട്ടികള്‍ സമാന മനസ്സോടെ ചിന്തിക്കുമെന്നായിരുന്നു സഖ്യരൂപീകരണത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്. കോണ്‍ഗ്രസ് ഉള്‍പ്പെയുള്ള പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മഹാസഖ്യം രൂപീകരിക്കണമെന്ന ആലോചന യു.പിയില്‍ വീണ്ടും ശക്തമായിരിക്കെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും പടഞ്ഞാറന്‍ യു.പിയുടെ സംഘടനാ ചുമതലയുമുള്ള  ജ്യോതിരാദിത്യ സന്ധ്യയുടെ വാക്കുകള്‍ക്ക് പ്രാധാന്യമുണ്ട്. സമാജ് വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് പാര്‍ട്ടി- രാഷ്ട്രീയ ലോക്ദള്‍ സഖ്യം കോണ്‍ഗ്രസിനായി രണ്ട് സീറ്റുകള്‍ മാറ്റിവെക്കുമെന്ന അഖിലേഷ് യാദവിന്റെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് അവര്‍ക്കായും രണ്ട് മൂന്ന് സീറ്റുകള്‍ ഒഴിച്ചിടുമെന്ന് അദ്ദേഹം മറുപടി നല്‍കി. കോണ്‍ഗ്രസിനുള്ള അതേലക്ഷ്യത്തോടെ വ്യത്യസ്ത മാര്‍ഗത്തില്‍ സഞ്ചരിക്കാനാണ് എസ്.പിയും ബി.എസ്.പിയും തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളുടെ മാര്‍ഗം വ്യത്യസ്തമായിരിക്കാം. എന്നാല്‍ ലക്ഷ്യം ഒന്നു തന്നെയാണ്- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ രൂപീകരിക്കകയും 2022 ല്‍ യു.പിയില്‍ അധികാരത്തിലെത്തുകയുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഈ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സ്വന്തം കരുത്തില്‍ പൊരുതും. ബി.എസ്.പിയുടേയും എസ്.പിയുടേയും തീരുമാനം മാനിച്ചു കൊണ്ടായിരിക്കും ഇത്. അവര്‍ക്ക് സ്വന്തം മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്- അദ്ദേഹം പറഞ്ഞു. സമാന പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ഇനിയും ശ്രമം തുടരുമോയെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് സംഭാഷണം നടക്കുമെന്നും എന്നാല്‍ അതിന് ഇരുഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം പ്രതികരിച്ചു. യു.പിയില്‍ കോണ്‍ഗ്രസിനെ ശക്തമാക്കുകയാണ് ഞങ്ങളുടെ പരിപാടി. അതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. എല്ലാവര്‍ക്കും പാര്‍ട്ടിയുടെ വാതില്‍ തുറന്നിട്ടിരിക്കയാണെന്ന് യു.പിയില്‍ സാവിത്രി ബായ് ഫൂലെയെ പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പുതിയ ഉത്തര്‍പ്രദേശ് കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം കോണ്‍ഗ്രസിലേക്ക് സ്വാഗതം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.പിയിലെ ചില സീറ്റുകളില്‍ കോണ്‍ഗ്രസും എസ്.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച 11 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയിലും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി റായ്ബറേലിയിലുമാണ് മത്സരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിമാരയ സല്‍മാന്‍ ഖുര്‍ഷിദ്, ജിതിന്‍ പ്രസാദ്, ആര്‍.പി.എന്‍ സിംഗ് എന്നിവര്‍ പരമ്പരാഗത മണ്ഡലങ്ങളായ ഫാറൂഖാബാദ്, ധാരുഹര, കുശിനഗര്‍ എന്നിവിടങ്ങളില്‍ യഥാക്രമം മത്സരിക്കും. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയുടെ ആദ്യ ലിസറ്റില്‍ ഒമ്പത് സ്ഥാനാര്‍ഥികളാണുള്ളത്. പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ് തങ്ങളുടെ ശക്തികേന്ദ്രമായ മെയിന്‍പുരിയില്‍ മത്സരിക്കുന്നു. 80 ലോക്‌സഭാ മണ്ഡലങ്ങളുള്ള നിര്‍ണായക സംസ്ഥാനമായ യു.പിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേത്തിയും റായ്ബറേലിയും മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്.
ബി.എസ്.പി നേതാവ് മായാവതിയും എസ്.പിയുടെ അഖിലേഷ് യാദവും ജനുവരിയിലാണ് തങ്ങളുടെ സഖ്യം പ്രഖ്യാപിച്ചത്. സഖ്യത്തില്‍ ചേര്‍ന്ന് രാഷ്ട്രീയ ലോക് ദള്‍ മൂന്ന് സീറ്റില്‍ മത്സരിക്കുമെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

Latest News