ന്യുദല്‍ഹി- ബാബരി മസ്ജിദ്-അയോധ്യ രാമജന്മഭൂമി ഭൂമിത്തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥരെ നിയോഗിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ ആര്‍എസ്എസ് രംഗത്ത്. കേസ് പരിഹരിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതിനു പകരം കോടതി സ്വീകരിച്ച നിലപാട് ആശ്ചര്യകരമാണെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. ഹിന്ദുക്കള്‍ നിരന്തരം അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അനുഭവമാണ് ഞങ്ങള്‍ക്കുള്ളത്. നീതിന്യായ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും എന്നാല്‍ മഹാ ക്ഷേത്രം പണിയുന്നതിനു മുമ്പിലുള്ള തടസങ്ങള്‍ നീക്കം ചെയ്യുകയും അന്തിമ വിധി വേഗത്തിലാക്കുകയുമാണ് ചെയ്യേണ്ടതെന്നും ആര്‍എസ്എസ് വ്യക്തമാക്കി.
ഈ വിധിയെ ആര്‍എസ്എസ് ശബരിമല കേസിലെ വിധിയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ശബരിമല കേസില്‍ സുപ്രീം കോടതി വിധി കേരളത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ആ കേസ് പരിഗണിച്ച ബെഞ്ചിലെ വനിതാ ജഡ്ജിന്റെ അഭിപ്രായ വ്യത്യാസം കണക്കിലെടുത്തില്ലെന്നും ആര്‍എസ്എസ് ചൂണ്ടിക്കാട്ടി. ശബരിമല കേസിലെ വിധി പൂര്‍ണമായും സ്വാഗതം ചെയ്ത ആര്‍എസ്എസ് ദേശീയ നേതൃത്വമാണ് ഇപ്പോള്‍ നിലപാടു മാറ്റിയിരിക്കുന്നത്.