Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് പൗരത്വം നഷ്ടമായ ഐഎസ് പെണ്‍കുട്ടിയുടെ നവജാത ശിശു മരിച്ചു

ലണ്ടന്‍- സിറിയയിലേക്ക് കടന്ന് ഐഎസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ബ്രിട്ടന്‍ പൗരത്വം നിഷേധിച്ച ഷമീമ ബീഗം എന്ന കൗമാരക്കാരിയുടെ നവജാത ശിശു മരിച്ചതായി റിപോര്‍ട്ട്. സിറിയയില്‍ ഐഎസിന്റെ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഷമീമ ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ബ്രിട്ടനില്‍ തിരിച്ചെത്തി കുഞ്ഞിനൊപ്പം സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഷമീമയുടെ പൗരത്വം രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് അധികൃതര്‍ തഴഞ്ഞത്. അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് ഷമീമയുടെ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ ലഭിച്ചെന്ന് ലണ്ടനിലെ ഷമീമയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ മുഹമ്മദ് അകുന്‍ജീയാണ് അറിയിച്ചത്. മരിച്ച ആണ്‍കുഞ്ഞ് ബ്രിട്ടീഷ് പൗരനാണെന്നും അദ്ദേഹം പറഞ്ഞു. ഷമീമയ്ക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരിക്കെയാണ് കുഞ്ഞിനെ പ്രസവിച്ചത്. അതു കൊണ്ട് കുഞ്ഞിന്റെ പൗരത്വവും മാറ്റമില്ലാതെ തുടരും.

ഷമീമയ്ക്ക് ബ്രിട്ടനില്‍ തിരിച്ചെത്താനുള്ള വഴികളടഞ്ഞതോടെ ബ്രിട്ടീഷ് പൗരനായ കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ കുടുംബം ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവിദിനെ സമീപിച്ചതിനിടെയാണ് കുഞ്ഞിന്റെ മരിച്ചതായുള്ള റിപോര്‍ട്ട് വരുന്നത്. മാതാപിതാക്കള്‍ ബംഗ്ലദേശ് വംശജരായത് കൊണ്ട് ഷമീമയ്ക്ക് ബംഗ്ലാദേശ് പൗരത്വം നേടാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയാണ് നേരത്തെ മന്ത്രി സാജിദ് ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്.
 

Latest News