പനാജി-നഷ്ടപ്പെട്ടുവെന്നു പറയുന്ന റഫാല്‍ രേഖകളുടെ അന്വേഷണം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ വീട്ടില്‍നിന്ന് ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ തന്റെ പക്കലുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രിയായ പരീക്കര്‍ അവകാശപ്പെട്ടിരുന്നു. പനാജിയില്‍ ജീത് കി ഔര്‍ എന്ന ബാനറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
ഫ്രാന്‍സുമായി ഒപ്പിട്ട റഫാല്‍ ഇടപാട് സംബന്ധിച്ച ചില രേഖകള്‍ കളവു പോയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
റഫാല്‍ ഫയലുകള്‍ തന്റെ പക്കലുണ്ടെന്ന് പരീക്കര്‍ കാബിനറ്റിനെ അറിയിച്ചിരുന്നുവെന്ന് ഗോവ മന്ത്രി വിശ്വജിത് റാണെയും അജ്ഞാതനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തന്നെ മുഖ്യമന്ത്രി പദവയില്‍നിന്ന് മാറ്റാനാവില്ലെന്നാണ് പരീക്കര്‍ പറഞ്ഞത്. തന്നെ മാറ്റുന്ന ദിവസം ഫയലുകള്‍ പുറത്തുവിടുമെന്നും പരീക്കര്‍ പറഞ്ഞിരിക്കെ, ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷണം പരീക്കറില്‍നിന്നാണ് തുടങ്ങേണ്ടത്- രാഹല്‍ പറഞ്ഞു.
റാഫല്‍ രേഖകളെ പോലെ ഗോവയില്‍ സംസ്ഥാന സര്‍ക്കാരും അപ്രത്യക്ഷമായിരിക്കയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി പരീക്കറുടെ ദീര്‍ഘകാലമായുള്ള അഭാവത്തില്‍ ഗോവയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നത്.