Sorry, you need to enable JavaScript to visit this website.

നോട്ട് നിരോധം ജനം മറന്നു...

ലാലു പ്രസാദ് യാദവിനെയോ നിതീഷ്‌കുമാറിനെയോ പോലെ ബിഹാറിലെ തലയെടുപ്പുള്ള നേതാവല്ല രാംവിലാസ് പസ്വാൻ. എന്നാൽ കേന്ദ്രത്തിൽ ഏത് മന്ത്രിസഭ വന്നാലും അതിൽ പസ്വാൻ മന്ത്രിയായിരിക്കും. നിറം മാറാനും ഒപ്പം അനുയായികളെ കൂടെ നിർത്താനുമുള്ള കഴിവാണ് പസ്വാനെ വേറിട്ടുനിർത്തുന്നത്. നരേന്ദ്ര മോഡി സർക്കാരിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രിയും ലോക്ജനശക്തി പാർട്ടി അധ്യക്ഷനുമായ പസ്വാനുമായി അഭിമുഖം...

ചോ: പുൽവാമ ഭീകരാക്രമണം ഇലക്ഷനിൽ ചർച്ചക്ക് വിഷയമാക്കുമോ?
ഉ: പുൽവാമ ഭീകരാക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും തെരഞ്ഞെടുപ്പ് വിഷയമാക്കാൻ എൻ.ഡി.എ ആഗ്രഹിക്കുന്നില്ല. എങ്കിലും അതിനെ അവഗണിക്കാനാവില്ല. ലോകം മുഴുവൻ അതിനെതിരെ ഒറ്റക്കെട്ടാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ദേശീയതാൽപര്യം മാനിച്ച് ഒന്നിച്ചുനിന്നു. കേന്ദ്ര സർക്കാരും ഗൗരവമായാണ് അതിനെ കൈകാര്യം ചെയ്തത്. സൈനികരുടെ ഓരോ തുള്ളി ചോരക്കും പകരം ചോദിക്കുമെന്നും അവരുടെ ജീവത്യാഗം പാഴായിപ്പോകില്ലെന്നും പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. 

ചോ: മോഡി സർക്കാരിനെതിരെ രാജ്യത്ത് മഹാസഖ്യം രൂപം കൊള്ളുകയാണല്ലോ? 
ഉ: മഹാസഖ്യം യാഥാർഥ്യമാവില്ല. കാരണം സഖ്യത്തിൽ അംഗങ്ങളായ കക്ഷികൾ തമ്മിൽ അതിനു മാത്രം വൈരുധ്യങ്ങളുണ്ട്. അവർക്ക് ഒരിക്കലും എൻ.ഡി.എ അധികാരത്തിൽ തിരിച്ചെത്തുന്നതിനെ തടയാനാവില്ല. എൻ.ഡി.എക്ക് ഇത്തവണ കൂടുതൽ എം.പിമാരുണ്ടാവും. കൂടുതൽ കരുത്തോടെ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി തിരിച്ചെത്തും. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഇലക്ഷനു മുമ്പ് ഐക്യമുണ്ടാവാനുള്ള സാധ്യതയില്ല. അതുകൊണ്ടു തന്നെ ഇലക്ഷന് മുമ്പെ തന്നെ എൻ.ഡി.എക്കാണ് മേൽക്കൈ. സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി ആദ്യം വിളിക്കുക ഇലക്ഷന് മുമ്പ് രൂപീകരിച്ച ഏറ്റവും വലിയ സഖ്യത്തെയാണ്. മമതാ ബാനർജിക്ക് കോൺഗ്രസുമായി കൂട്ടു ചേരാനാവുമോ? കോൺഗ്രസും ഇടതും തമ്മിലുള്ള ഐക്യം എത്ര ഫലപ്രദമാവും? എസ്.പി-ബി.എസ്.പി സഖ്യത്തിന് കോൺഗ്രസിനെ ഉൾക്കൊള്ളാനാവുമോ? രാജ്യത്തെമ്പാടും ഇതാണ് അവസ്ഥ. മഹാസഖ്യം പേരിൽ മാത്രമാണ്. 
ചോ: മഹാഗഡ്ബന്ധനെ (പ്രതിപക്ഷ മഹാസഖ്യം) മഹാമിലാവത് (ഏറ്റവും മായം ചേർന്നത്) ആയി പ്രധാനമന്ത്രി പരിഹസിക്കുമ്പോൾ തന്നെ ബി.ജെ.പിയും സഖ്യങ്ങളുണ്ടാക്കുകയാണല്ലോ?
ഉ: അതിലെന്താണ് തെറ്റ്? ഞങ്ങൾ മായം കലരാത്തവരാണ്. പ്രതിപക്ഷമാണ് കറപുരണ്ട സഖ്യം. പ്രധാനമന്ത്രി പറഞ്ഞതു പോലെ ഏറ്റവും മായം കലർന്ന സഖ്യമാണ് അത്. ശുദ്ധന്മാരായി പ്രതിപക്ഷത്ത് ആരാണുള്ളത്? ലാലുവിന് അഴിമതിക്കറയുണ്ട്, മായാവതിക്കുമേൽ അഴിമതിക്കറയുണ്ട്, അഖിലേഷ് യാദവിനു മേലുണ്ട്, മമതാ ബാനർജിയുടെ പാർട്ടി ശാരദാ ചിട്ടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

ചോ: ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യം എൻ.ഡി.എക്ക് വലിയ ഭീഷണിയാവില്ലേ?
ഉ: ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി വോട്ടുകൾ കോൺഗ്രസ് പിടിക്കും. അത് ഫലത്തിൽ ബി.ജെ.പിക്ക് സഹായകമാവും. മാത്രമല്ല, എസ്.പി-ബി.എസ്.പി സഖ്യം അധികകാലം തുടരാൻ പോവുന്നില്ല. സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായം സിംഗ് യാദവ് തന്നെ അതിന് എതിരാണ്. നരേന്ദ്ര മോഡി തന്നെ അധികാരത്തിൽ തിരിച്ചെത്തണമെന്നാണ് മുലായം സിംഗിന്റെ ആഗ്രഹം. അദ്ദേഹം ലോക്‌സഭയിൽ ഇക്കാര്യം പരസ്യമായി പറയുകയുണ്ടായി. 

ചോ: ബിഹാറിൽ രാഷ്ട്രീയ ജനതാദൾ കരുത്ത് വീണ്ടെടുക്കുകയാണല്ലോ?
ഉ: ബിഹാറിൽ ശക്തമായ അടിത്തറയാണ് എൻ.ഡി.എക്ക്. പ്രതിപക്ഷത്തിന് സീറ്റ് ധാരണയിലെത്താൻ പോലും സാധിക്കുന്നില്ല. വിലപേശുന്ന സീറ്റുകൾ കിട്ടിയില്ലെങ്കിലും മിക്ക കക്ഷികളും സഖ്യം ഉപേക്ഷിക്കും. എത്ര വലിയ പ്രതിപക്ഷ സഖ്യം വന്നാലും ബിഹാറിലും ഉത്തർപ്രദേശിലും എൻ.ഡി.എ വൻ വിജയം ആവർത്തിക്കും. 

ചോ: തൂക്കുമന്ത്രിസഭയാണ് വരുന്നതെങ്കിൽ എൻ.ഡി.എ വിടുമോ?
ഉ: ഒരിക്കലുമില്ല. എൻ.ഡി.എ സർക്കാർ ഒരുപാട് വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അതൊന്നും തെരഞ്ഞെടുപ്പ് വിഷയമായി ചർച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്നില്ല. ഞങ്ങൾ എൻ.ഡി.എയുടെ ഭാഗമാണ്. അങ്ങിനെ തന്നെ തുടരും.

ചോ: എൻ.ഡി.എ തിരിച്ചുവരുമെന്ന് പറയാൻ കാരണമെന്താണ്?
ഉ: ഒരുപാട് മാറ്റമുണ്ടാക്കിയ സർക്കാരാണ് ഇത്. വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കുറഞ്ഞവർക്ക് നികുതി ഇളവ് നൽകി. ആയുഷ്മാൻ ഭാരതി ആരോഗ്യ പദ്ധതി, പാവപ്പെട്ടവർക്ക് വീട്, എല്ലാ പാവപ്പെട്ടവരുടെ വീട്ടിലും ശുചിമുറിയും വൈദ്യുതിയും ഗ്യാസ് കണക്ഷനും നൽകി. ഇതൊക്കെ സർക്കാരിന് ഗുണം ചെയ്യും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 110 ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടി ഉന്നതജാതിക്കാർക്കിടയിലെ രോഷം തണുപ്പിക്കും. നോട്ട് നിരോധം, ഗ്രാമീണരിലെ അസംതൃപ്തി തുടങ്ങിയ വിഷയങ്ങളൊക്കെ ജനം മറന്നു കഴിഞ്ഞു. 

 

Latest News