ന്യൂദല്‍ഹി- പാക്കിസ്ഥാനുമായി അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെ, എന്തിനും തയാറായിരിക്കാന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നിര്‍ദേശം നല്‍കി. വ്യോമസേനയുമായി ഏകോപനം നടത്തി ഏതു സാഹചര്യവും നേരിടുന്നതിന് സജ്ജമകാനാണ് കരസൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സന്ദര്‍ശനം നടത്തി സൈന്യത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്.
രാജസ്ഥാനിലെ ബാര്‍മര്‍, സൂറത്ത്ഗഡ് സെക്ടറുകളിലും കശ്മീരില്‍ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കരസേനാധിപന്‍ സന്ദര്‍ശനം നടത്തിയത്. ശത്രുക്കളുടെ ഏതു കുത്സിത നീക്കവും തകര്‍ക്കാന്‍ ഇന്ത്യന്‍ സേന സജ്ജമാണെന്ന് സൈന്യത്തിന് അതിനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഏതുവെല്ലുവിളിയും നേരിടാന്‍ സജ്ജമാണന്ന് സൈനിക വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയായി തെറ്റായ വിവരങ്ങളാണ് ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സൈന്യത്തിലെ എല്ലാ വിഭാഗങ്ങളും ഇതേക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് വക്താവ് പറഞ്ഞു.
അതിനിടെ യു.എസ് സ്‌പെഷ്യല്‍ ഓപറേഷന്‍ കമാന്‍ഡര്‍ ജനറല്‍ റെയ്മണ്ട് തോമസ് ഇന്നലെ ജനറല്‍ വിപിന്‍ റാവത്തിനെ സന്ദര്‍ശിച്ചു. മേഖയിലെ സുരക്ഷാ സ്ഥിതിഗതികള്‍ക്കു പുറമെ, പാക്കിസ്ഥാന്‍ ഭീകരതക്ക് നല്‍കുന്ന പിന്തണയും ചര്‍ച്ചയില്‍ വിഷയങ്ങളായി. ഇന്ത്യയും അമേരിക്കയും തമ്മില്‍ സാങ്കേതിക മേഖലകളില്‍ കൂടി സഹകരണം വിപുലമാക്കണമെന്ന് മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച ജനറല്‍ റെയ്മണ്ട് പറഞ്ഞു.
കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുശേഷമാണ് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്‌ശെ മുഹമ്മദിന്റെ പാക്കിസ്ഥാനിലെ പരിശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്തിരുന്നു.