മുംബൈ: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. അനധികൃതമായി കൈയ്യേറി നിര്‍മാണചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടമാണ് മുംബൈ ഹൈക്കോടതി ഉത്തരവ് പ്രകാരം പൊളിച്ച് നീക്കിയത്.
അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് ഒന്നരയേക്കറില്‍ കോടികള്‍ ചെലവഴിച്ച് നീരവ് മോദി കെട്ടിടം പണിഞ്ഞത്. ഒന്നര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന 100 കോടിയിലധികം വില വരുന്ന സ്ഥലത്തെ മുന്‍ ഭാഗത്തുള്ള ഉദ്യാനവും കൈയ്യേറി നിര്‍മ്മിച്ചതാണ്. ഒട്ടേറെ മുറികള്‍, അത്യാഡംബര പ്രൈവറ്റ് ബാറുകള്‍ എന്നിവയടങ്ങിയതാണ് ഈ കെട്ടിടം. അനധികൃത ബംഗ്ലാവെന്നാണ് മുംബൈ ഹൈക്കോടതി രൂപാന എന്ന പേരില്‍ അറിയപ്പെടുന്ന ഈ ബംഗ്ലാവിനെ വിശേഷിപ്പിച്ചത്.
2018ലാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000കോടില്‍ പരം രൂപ വായ്പയെടുത്ത് രാജ്യംവിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു.