ന്യൂദല്‍ഹി- ബാബരിമസ്ജിദ്-രാമജന്മഭൂമി തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വെള്ളിയാഴ്ച മൂന്നംഗ സമിതിയെ നിയോഗിച്ചു. മുന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് ഫക്കീര്‍ മുഹമ്മദ് ഖലീഫുല്ലയാണ് അധ്യക്ഷന്‍. മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, വിവാദ ആള്‍ദൈവം ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ഈ സമിതിക്ക് സുപ്രീം കോടതി എട്ട് ആഴ്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതിനകം ഒരു നിഗമനത്തിലെത്തണമെന്നാണ് നിര്‍ദേശം. നാലാഴ്ചയ്ക്കു ശേഷം പുരോഗതി സംബന്ധിച്ച റിപോര്‍ട്ടും നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താനും നിയമസഹായങ്ങള്‍ സ്വീകരിക്കാനും സമിതിക്ക് കോടതി സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. മൂന്ന് അംഗങ്ങളും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയും ഉണ്ട്. അംഗങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം.
ജസ്റ്റിസ് എഫ്. എം ഖലീഫുല്ല
സമിതി അധ്യക്ഷനായ ജസ്റ്റിസ് ഖലീഫുല്ല 2000-ലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. പിന്നീട് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2012 ഏപ്രിലില്‍ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കി. 2016 ജൂലൈയിലാണ് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചത്. ചെന്നൈയില്‍ അഭിഭാഷകനായാണ് തുടക്കം.
ശ്രീറാം പഞ്ചു
ലോകോത്തര മധ്യസ്ഥനെന്നു വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അഭിഭാഷകനാണ് പഞ്ചു. മധ്യസ്ഥ സേവനങ്ങള്‍ നല്‍കുന്ന ദി മിഡിയേഷന്‍ ചേംബേഴ്‌സിന്റെ സ്ഥാപകനാണ്. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മീഡിയേറ്റേഴ്‌സ് പ്രസിഡന്റും ഇന്റര്‍നാഷണല്‍ മീഡിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയാണ്. കോടതിയോട് അനുബന്ധിച്ച മധ്യസ്ഥ കേന്ദ്രം ഇന്ത്യയില്‍ ആദ്യമായി തുടങ്ങിയത് പഞ്ചുവാണ്. 2005-ല്‍ തുടക്കമിട്ട ഇത് മധ്യസ്ഥ ശ്രമം എന്നത് ഇന്ത്യന്‍ നിയമ സംവിധാനത്തിന്റെ ഒരു ഭാഗമാക്കുന്നതില്‍ നിര്‍ണായകമായി.
ശ്രീ ശ്രീ രവിശങ്കര്‍
ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ എന്ന ഹൈന്ദവ ആത്മീയ കൂട്ടായ്മയുടെ സ്ഥാപകനും പലപ്പോഴും വിവാദമുണ്ടാക്കുകയും ചെയ്ത ആള്‍ദൈവമാണ് ശ്രീ ശ്രീ രവിശങ്കര്‍. പൊതുവെ രാഷ്ട്രീയമായി ചായ് വുകളില്ലാതെ അറിയപ്പെട്ടിരുന്ന രവിശങ്കര്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പലപ്പോഴും സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ പരസ്യമായി പറഞ്ഞിരുന്നു. ഹൈന്ദവര്‍ വിശുദ്ധ നദിയായ കണക്കാക്കുന്ന ഗംഗാ തടം നശിപ്പിച്ചതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച കോടികളുടെ പിഴയടക്കാതെ കോടതിയെ വെല്ലുവിളിച്ചും ഇയാള്‍ രംഗത്തെത്തിയിരുന്നു.
2018-ല്‍ ബാബരി-അയോധ്യ തര്‍ക്കത്തില്‍ സ്വന്തം നിലയില്‍ മധ്യസ്ഥ ശ്രമം നടത്തി മുസ്ലിംകള്‍ ബാബരി ഭൂമിയുടെ അവകാശ വാദം ഉപേക്ഷിച്ച് വിട്ടുകൊടുക്കണമെന്ന് ഇദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഈ ഭൂമി മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പ്രസക്തിയില്ലാത്തതാണെന്നായിരുന്നു രിവശങ്കറിന്റെ കണ്ടെത്തല്‍. മുസ്ലിംകള്‍ ബാബരി ഭൂമിയുള്ള അവകാശവാദം ഉപേക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയയാകുമെന്ന വിവാദ പ്രസ്താവനയും ഇദ്ദേഹം നടത്തിയിരുന്നു. രണ്ടു സമുദാത്തേയും പരിഗണിക്കുന്ന പരിഹാരമാണ് വേണ്ടതെന്നും രവിശങ്കര്‍ നിര്‍ദേശിച്ചിരുന്നു. രവിശങ്കറിന്റെ ഈ നിര്‍ദേശങ്ങള്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് നേരത്തെ തള്ളിയതാണ്.
യുപിയിലെ ഫൈസാബാദ് കേന്ദ്രീകരിച്ചായിരിക്കും മധ്യസ്ഥ സമിതിയുടെ പ്രവര്‍ത്തനം. ഇതിനുള്ള സഹായങ്ങള്‍ നല്‍കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ച്ചക്കകം സമിതി പ്രവര്‍ത്തനം ആരംഭിക്കും. മധ്യസ്ഥത നടപടികള്‍ രഹസ്യമായിരിക്കണമെന്നും വിശദാംശങ്ങള്‍ പുറത്തു പോകരുതെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.