കോഴിക്കോട്- വയനാട് വൈത്തിരി ലക്കിടിയിൽ പോലീസ് വെടിവെച്ചുകൊന്ന മാവോയിസ്റ്റ് മഞ്ചേരി പാണ്ടിക്കാട് കാഞ്ഞിരപ്പടി ചെറുകപ്പള്ളി ജലീലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കരുത് എന്നടക്കമുള്ള കർശനനിർദ്ദേശങ്ങളോടെയാണ് മൃതദേഹം വിട്ടുനൽകിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടന്ന പോസ്റ്റുമോർട്ടം പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. മൂന്നു വെടിയുണ്ടകളാണ് ജലീലിന് ഏറ്റത്. തലയുടെ പിറകിലൂടെ തുളച്ചുകയറിയ വെടിയുണ്ട നെറ്റിവരെ എത്തിയെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്. മൃതദേഹം പാണ്ടിക്കാട്ടെ വീട്ടുവളപ്പിൽ മറവുചെയ്യും. നിരവധി മനുഷ്യാവകാശ പ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
സി.പി.ഐ മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി 2015 ൽ വീടു വിട്ടിറങ്ങിയതാണ് ജലീൽ. നിലമ്പൂർ കരുളായി പടുക്ക വനത്തിൽ പോലീസിന്റെയും തണ്ടർ ബോൾട്ടിന്റെയും വെടിയേറ്റു കൊല്ലപ്പെട്ട കുപ്പു ദേവരാജൻ എന്ന കുപ്പുസ്വാമി (60), കാവേരി എന്ന അജിത (45) എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജലീൽ മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്, ആൻമേരി, മഹാലിംഗം, പഴനിവേൽ, അയ്യപ്പൻ, കാളിദാസൻ, കന്യാകുമാരി, ഡാനിഷ് എന്നിവരുമായും നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി പറയപ്പെടുന്നു. മാവോയിസ്റ്റ് നേതാവായ സി.പി മൊയ്തീന്റെ സഹോദരനാണ് ജലീൽ. ഇവരുടെ സഹോദരൻമാരായ റഷീദ്, ഉസ്മാൻ എന്നിവരും സമാന ആശയക്കാരാണ്. ഇളയ സഹോദരനായ ജിഷാദ് വിദ്യാർഥി വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ്. നേരത്തെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി ലക്കിടിയിലെ ഉപവൻ റിസോർട്ടിലെത്തിയ തോക്കുധാരികളായ സംഘം 50,000 രൂപയും ഭക്ഷണവും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിവരം നേരത്തെയറിഞ്ഞ പോലീസും തണ്ടർ ബോൾട്ടും സംഘത്തെ നേരിട്ടു. ആക്രമണത്തിൽ ജലീലിന് പുറമെ ഒരാൾക്കു കൂടി വെടിയേറ്റു. പ്രത്യാക്രമണത്തിൽ രണ്ട് പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റ് തീവ്രവാദ സംഘടനയുടെ ഭവാനി, ശിരുവാണി, നാടുകാണി ദളങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജലീൽ എന്നും, നിലമ്പൂരിൽ പോലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ രക്തത്തിന് പ്രതികാരം ചെയ്യണമെന്ന് വാദിച്ചവരിൽ മുഖ്യനായിരുന്നു ഇയാൾ എന്നും കരുതപ്പെടുന്നു.