റിയാദ് - സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്ന വിദേശ ടൂറിസ്റ്റുകൾക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം നൽകുന്നതിന് പദ്ധതിയുള്ളതായി റിപ്പോർട്ട്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെയാണ് മുൻകൂട്ടി വിസ നേടാതെ രാജ്യത്ത് പ്രവേശിക്കുന്നതിന് അനുവദിക്കുക. ഈ രാജ്യക്കാർക്ക് വിസയില്ലാതെ പ്രവേശനം നൽകുകയോ എയർപോർട്ടുകളിൽ വെച്ച് ഓൺ അറൈവൽ വിസ അനുവദിക്കുകയോ ചെയ്യാനാണ് നീക്കം. ഈ വർഷാവസാനത്തിനു മുമ്പായി വിദേശ വിനോദ സഞ്ചാരികൾക്കുള്ള വിസ ഇളവ് നടപ്പിൽവരുമെന്ന് റിപ്പോർട്ടുണ്ട്.
രാജ്യത്തെ സമ്പദ്വ്യവസ്ഥ സ്വതന്ത്രമാക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനും വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പദ്ധതിയുടെ ഭാഗമായാണ് നീക്കം. ടൂറിസം മേഖലയിലെ ധനവിനിയോഗം 2020 ഓടെ 4660 കോടി ഡോളറായി ഉയർത്തുന്നതിന് സൗദി അറേബ്യ ലക്ഷ്യമിടുന്നുണ്ട്. 2015 ൽ ടൂറിസം മേഖലയിലെ ധനവിനിയോഗം 2790 കോടി ഡോളറായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ സംഘടിപ്പിച്ച ദിർഇയ ഫോർമുല ഇ ഗ്രാന്റ് പ്രിക്സ് കാർ റേസ് മത്സരം വീക്ഷിക്കുന്നതിന് വിദേശികൾക്ക് സൗദി അറേബ്യ ഇ-വിസ അനുവദിച്ചിരുന്നു. കാറോട്ട മത്സരം വീക്ഷിക്കുന്നതിനുള്ള ടിക്കറ്റുകൾ എടുത്തവർക്ക് പതിനാലു ദിവസ കാലാവധിയുള്ള വിസകളാണ് അനുവദിച്ചത്.